സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നബീര്‍ (32), അമാന്‍ (നാല്) എന്നിവരാണ് മരണപ്പെട്ടത്.
കോട്ടപ്പുറം സ്വദേശികളും പ്രവാസികളുമായ അഞ്ച് കുടുംബം നാലു വാഹനങ്ങളിലായി വെളളിയാഴ്ച രാത്രിയാണ് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. സംഘത്തിലെ ഒരു വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപത്തുവെച്ച് വിനോദയാത്ര സംഘത്തിലെ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച കെ.എ 03 എ ബി 3735 കാറിലേക്ക് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിലുണ്ടായിരുന്ന കോട്ടപ്പുറം ബാഫഖി സൗധത്തിനടുത്ത് എല്‍ ബി മുഹമ്മദ്കുഞ്ഞിഹാജിയുടെ മകനായ ഷെബീറിന്റെ മകന്‍ നാലുവയസുകാരന്‍ അമാന്‍, കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ കുഞ്ഞാമദിന്റെ മകന്‍ നബീര്‍ (32) എന്നിവര്‍ മരണപ്പെടുകയായിരുന്നു. അമാന്‍ സംഭവ സ്ഥലത്തു വെച്ചും നബീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.
അമാന്റെ മയ്യത്ത് സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും നബീറിന്റെ മയ്യത്ത്‌കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമുണ്ട്.
മരണപ്പെട്ട നാലുവയസുകാരന്‍ അമാന്റെ പിതാവ് ഷെബീര്‍, ഭാര്യ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മണ്ഡ്യന്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഷംസീറ, കോട്ടപ്പുറം സ്വദേശി അഷറഫ്, ഭാര്യ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സുമയ്യ എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഷെബീറിന്റെ നില ഗുരുതരമാണ്.
കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങളുള്ള ഷെബീര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. കോട്ടപ്പുറം ഉച്ചൂളിക്കുതിര് കുഞ്ഞാമിന്റെയും നഫീസയുടെയും മകനാണ് മരണപ്പെട്ട നബീര്‍. റംസീനയാണ് ഭാര്യ. കുവൈത്തിലായിരുന്ന നബീര്‍ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
കോട്ടപ്പുറം സ്വദേശികളും സുഹൃത്തുക്കളും പ്രവാസികളുമായ ഷെബീര്‍, നബീര്‍, അഷറഫ്, റാഷിദ്, ഷെരീഫ് എന്നിവരും ഭാര്യമാരും മക്കളുമടക്കം പതിനാറുപേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.
അപകടവിവരമറിഞ്ഞ് ഏ ഹമീദ് ഹാജി, റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, പുഴക്കര റഹിം എന്നിവര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച രാത്രിയോടെ നബീറിന്റെയും അമാന്റെയും മയ്യത്തുകള്‍ കോട്ടപ്പുറത്തെത്തിക്കും.
No comments:
Post a Comment