Latest News

കാന്‍സര്‍ വിമുക്ത ജില്ല: വിവരശേഖരണത്തിന് കളക്ടറുടെ വസതിയില്‍ നിന്നും തുടക്കം

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാന്‍സര്‍വിമുക്ത ജില്ല പദ്ധതി-കാന്‍കാസ് ബി പോസീറ്റവിന്റെ ഭാഗമായി ജില്ലയിലെ 2.75 ലക്ഷത്തോളം വീടുകളില്‍ നടത്തുന്ന വിവരശേഖരണത്തിന് ജില്ലാ കളക്ടറുടെ വസതിയില്‍ നിന്നും തുടക്കം.[www.malabarflash.com]

ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെയുടെയും ഭാര്യ അഭി.ജെ മിലന്റെയും വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ നേതൃത്വത്തിലെത്തി ശേഖരിച്ചതോടെയാണ് സ്വപ്‌നസമാന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായത്. 

ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആശ, കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രത്യേകഫോമില്‍ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ലളിതമായ വിവരശേഖരണമാണ് വാര്‍ഡ്തലത്തില്‍ നടത്തുന്നത്. വ്യക്തികളുടെ പേര്, വീട്ടുപേര് എന്നിവ ഇല്ലാതെ വാര്‍ഡ് നമ്പര്‍, വീട് നമ്പര്‍ എന്നിവമാത്രം ഉള്‍പ്പെടുത്തിയാകും വിവരശേഖരണം. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ കോളജുകള്‍, കേന്ദ്രസര്‍വകലാശാല, എല്‍ബിഎസ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരാകും രണ്ടാംഘട്ട വിവരശേഖരണം നടത്തുന്നത്. 

വിവരശേഖരണത്തിലൂടെ ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ വിവരങ്ങളടങ്ങുന്ന ജില്ലാ രജിസ്റ്റര്‍ തയ്യാറാക്കും.
പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആണ്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 

ആദ്യഘട്ടമായി ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, ഏഴ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ഇസിഡിസി(ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ബാധിതരുടെ പാലിയേറ്റീവ് പരിപാലനമുള്‍പ്പെടെയുളള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുളള സമ്പൂര്‍ണ്ണ ആക്ഷന്‍ പ്ലാനുകളും പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.