Latest News

ലഹരിയുടെ വലയില്‍ കുരുങ്ങി കാസര്‍കോട്ടെ പെണ്‍കുട്ടികളും

കാസര്‍കോട്: പത്താംതരം വിദ്യാര്‍ത്ഥി കളനാട്ടെ ജാസിമിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കഞ്ചാവ് മാഫിയയുടെ ഇരുണ്ട കൈകളില്‍ കുരുന്നുകള്‍ ഞെരിഞ്ഞമരുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ പെണ്‍കുട്ടികളും ഇത്തരം ചതിക്കുഴികളില്‍ ഹോമിക്കപ്പെടുന്ന വാര്‍ത്തയും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് പുറത്തുവരുന്നു.[www.malabarflash.com]

മംഗലാപുരം കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളോടൊപ്പം കാസര്‍കോട്ട് കാറില്‍ കറങ്ങവെ പിടിയിലായ 19 വയസുകാരിയുടെ ദുരന്തചിത്രമാണ് ലഹരി മാഫിയയുടെ നീരാളിക്കൈകളില്‍ പെണ്‍കുട്ടികള്‍ പോലും അകപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാവുന്നത്.

കാസര്‍കോട്ടെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ച പെണ്‍കുട്ടിയെ യുവാക്കള്‍ മൂന്ന് ദിവസമായി ലോഡ്ജില്‍ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. നേരത്തെ ലഹരിക്കടിമയായ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പത്താംക്ലാസില്‍ പഠിക്കവെ തന്നെ ലഹരിക്കടിമയായിരുന്നുവെന്ന് വെളിപ്പെട്ടത്.

സഹപാഠികള്‍ക്കൊപ്പം മംഗളൂരുവിലെ ബാറില്‍ പോയി മദ്യപിച്ചാണ് തുടക്കം. പിന്നീട് സഹപാഠികള്‍ നല്‍കുന്ന കഞ്ചാവിലായിരുന്നു ലഹരി കണ്ടെത്തിയത്. ക്ലാസ് കോംപൗണ്ടില്‍ വച്ച് തന്നെ സ്‌കൂള്‍ അധികൃതരറിയാതെ ചിലര്‍ കഞ്ചാവ് നല്‍കിയിരുന്നതായി പറയുന്നു. പ്ലസ്ടുവരെ തുടര്‍ന്ന ശീലം പഠനം കഴിഞ്ഞും തുടരുകയായിരുന്നു.

പലപ്പോഴും ലഹരിക്കായി മംഗളൂരുവിലെ നിഗൂഢ കേന്ദ്രങ്ങളിലേക്കും പോയിക്കൊണ്ടിരുന്നു. ആറുമാസം മുമ്പ് വിവാഹിതയായെങ്കിലും വഴിവിട്ട ജീവിതം തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിവാഹമോചനത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും പറയുന്നു.

കഞ്ചാവ് മാഫിയക്കെതിരെ പോലീസ് നടപടി ശക്തമാക്കി മുന്നേറുമ്പോള്‍ പലപ്പോഴും ഇത്തരം കേസുകളില്‍ രേഖാമൂലമുള്ള പരാതി ലഭിക്കാത്തത് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിനും തടസ്സമുണ്ടാക്കുന്നു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെയും പെണ്‍കുട്ടിയേയും സി.ഐ. അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തുവരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.