Latest News

ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍; മൊയ്തീന്‍ കുഞ്ഞി കളനാട് പ്രസിഡണ്ട്, അസീസ് കടപ്പുറം ജനറല്‍ സെക്രട്ടറി, മുഹമ്മദ് മുബാറക് ഹാജി ട്രഷറര്‍

കാസര്‍കോട്: ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍. മൊയ്തീന്‍ കുഞ്ഞി കളനാടിനെ പ്രസിഡണ്ടായും, അസീസ് കടപ്പുറത്തെ ജനറല്‍ സെക്രട്ടറിയായും, മുഹമ്മദ് മുബാറക് ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു.[www.malabarflash.com]

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നടന്ന തെരെഞ്ഞടുപ്പിലൂടെയാണ് ഐ.എന്‍.എല്ലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജില്ലാ പ്രസിഡണ്ടായി മൊയ്തീന്‍ കുഞ്ഞി കളനാടിനെ ഐക്യകണ്‌ഠേനെ തെരെഞ്ഞടുക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ദേശീയ സമിതി അംഗം എന്നീ സ്ഥാനങ്ങളും മൊയ്തീന്‍ കുഞ്ഞി വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയാണ് കളനാട് സ്വദേശിയായ മൊയ്തീന്‍ കുഞ്ഞി.

ശാഖാ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഐ.എന്‍.എല്‍ രൂപീകരിച്ച ശേഷം നടന്ന പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ ഐ.എന്‍.എല്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച 1994 ല്‍ കളനാട് വാര്‍ഡില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥി ഖാദറിനെ ഒരു വോട്ടിന് തോല്‍പ്പിച്ച് ചെമ്മനാട് പഞ്ചായത്ത് അംഗമായിരുന്നു. കേരളത്തില്‍ ഐ.എന്‍.എല്ലിന് ലഭിച്ച ഏക പഞ്ചായത്ത് മെമ്പറായിരുന്നു മൊയ്തീന്‍ കുഞ്ഞി. 

ലീഗിന്റെ പ്രഗല്‍ഭനായ നേതാവ് കല്ലട്ര അബ്ബാസ് ഹാജിയെ ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മലര്‍ത്തിയടിച്ചാണ് മൊയ്തീന്‍ കുഞ്ഞി ജില്ലാ പഞ്ചായത്ത് അംഗമായി തെരെഞ്ഞടുക്കപ്പെട്ടത്. പി.എ. മുഹമ്മദ് കുഞ്ഞി ഹാജിക്ക് പിന്‍ഗാമിയായാണ് മൊയ്തീന്‍കുഞ്ഞി പ്രസിഡണ്ടായിരിക്കുന്നത്. നാഷണല്‍ യൂത്ത് ലീഗിലൂടെയാണ് സംഘടനാ രംഗത്ത് സജീവമായിരുന്നത്. അണികളുടെ ആവേശവും നിസ്വാര്‍ത്ഥ പൊതുസേവനത്തിനുടമയുമാണ് മൊയ്തീന്‍ കുഞ്ഞി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് അസീസ് കടപ്പുറത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 

മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളുമായി പ്രവര്‍ത്തിക്കുന്ന മുബാറക്ക് മുഹമ്മദ് ഹാജിയും സംഘടനാ രംഗത്ത് സജീവ സാന്നിധ്യമാണ്. ഐ.എന്‍ എല്‍ രൂപീകരണ കാലം മുതല്‍ പാര്‍ട്ടി നേതൃ നിരയിലുള്ള ജില്ലയിലെ എക്കാലത്തെയും മികച്ച സംഘാടകനാണ് അദ്ദേഹം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.