Latest News

ജസീമിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കണ്ടു

കാഞ്ഞങ്ങാട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.[www.malabarflash.com]

ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലാണ് ജസീമിന്റെ പിതാവ് ജാഫര്‍ മുഖ്യമന്ത്രിയെ കണ്ടത്. സഈദ് തങ്ങള്‍, ശിഹാബ് കടവത്ത്, റിയാസ് കീഴൂര്‍, ഉസ്മാന്‍ കീഴൂര്‍, അസ്ഹറുദ്ദീന്‍, കബീര്‍ മാങ്ങാട് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജസീമിന്റെ മരണം കൊലപാതകമാണെന്നും ട്രയിന്‍ തട്ടിയാണ് ജസീം മരണപ്പെട്ടതെന്ന പോലീസിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജസീമിന്റെ മരണം ഗൗരവതരമാണെന്നും ഇക്കാര്യം നിയമസഭ ചര്‍ച്ച ചെയ്യുമെന്നും അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ അറിയിച്ചു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.