Latest News

വാദ്യമേളങ്ങളെ അടുത്തറിഞ്ഞ് കൊട്ടറിവ്

ഉദുമ: ചെണ്ട അസുരവാദ്യമെന്ന് വിശദീകരിക്കുന്നതിനിടയില്‍ ഒരു കുസൃതിക്കാരന്റെ ചോദ്യം: സുഷിരവാദ്യം ഏതാണ്?
കൊമ്പും കുഴലും ശംഖും സുഷിരവാദ്യങ്ങളില്‍പ്പെടുമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ തൃക്കണ്ണാട് രാജേഷ് മാരാര്‍ വിശദീകരിച്ചതോടെ മറ്റുള്ള കുട്ടികളും സംശയങ്ങളുമായി എഴുന്നേറ്റു.[www.malabarflash.com]


ബേക്കല്‍ എ.എല്‍.പി. സ്‌കൂളില്‍ കഴിഞ്ഞദിവസം നടന്ന കൊട്ടറിവ് എന്ന പരിപാടിയാണ് വാദ്യമേളങ്ങളെക്കുറിച്ച് ഇളമുറക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനൊപ്പം വിശദമായി ഉപകരണങ്ങളെ പരിചയപ്പെടാനുള്ള വേദിയായും മാറിയത്.

ചര്‍മവാദ്യം, സുഷിരവാദ്യം, ലോഹവാദ്യം എന്നിവ ഏതെന്നും ചെണ്ട, കുഴല്‍, ശംഖ്, ചേങ്ങില, മദ്ദളം, തിമില, ഇടയ്ക്ക, കൊമ്പ്, ഇലത്താളം തുടങ്ങിയവയുടെ ശബ്ദം, നിര്‍മാണരീതി, ഇവയെല്ലാം ഒന്നായിച്ചേരുമ്പോഴുള്ള സ്വര-താളവിസ്മയം, പഠനരീതി എന്നിവയെങ്ങനെയെന്നുമുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് കൊട്ടറിവ് പരിപാടി സംഘടിപ്പിച്ചത്.

എം. കുഞ്ഞിരാമന്‍ എം.എല്‍.എ. ചെണ്ടകൊട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
മേളവാദ്യകലാകാരന്മാരായ രാജേഷ് മാരാര്‍, മണികണ്ഠന്‍ നീലേശ്വരം, പത്മനാഭന്‍ നീലേശ്വരം, പ്രകാശന്‍ പനത്തടി, കൃഷ്ണമാരാര്‍ മടിക്കൈ, നാരായണ മാരാര്‍ പനയാല്‍, ഗോപാലകൃഷ്ണന്‍ ഇരിയ, സാഗര്‍ കീഴൂര്‍ എന്നിവര്‍ വാദ്യോപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എന്‍.ഇന്ദിര, വാര്‍ഡ് മെമ്പര്‍മാരായ ഫാത്തിമത്ത് നസീറ, കെ.ശ്യാമള, അശോക് കുമാര്‍ ബേക്കല്‍, പെരികമന ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.