Latest News

വാഹന പരിശോധനക്കിടെ നിര്‍ത്തിയിട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; പോലീസിന് നേരെ കല്ലേറ്, എസ്.ഐക്ക് പരിക്ക്

മഞ്ചേശ്വരം: ഹൈവേ പോലീസ് വാഹന പരിശോധന നടത്തവെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന് പിറകില്‍ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിനിടെ ഹൈവേ പോലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. എസ്.ഐക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ പത്തരയോടെ മഞ്ചേശ്വരം പത്താംമൈലിലാണ് സംഭവം.[www.maabarflash.com]

പോലീസ് കൈചൂണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പിറകിലുണ്ടായിരുന്ന കാര്‍ ഇടിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. റോഡിലെ വളവില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നുവെന്ന പ്രതിഷേധവുമായി ആള്‍കൂട്ടം പ്രദേശത്ത് സംഘടിച്ചു.

പോലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. അതിനിടെയാണ് പോലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ഹൈവേ പോലീസ് എസ്.ഐ നാരായണന് പരിക്കേറ്റു. നാരായണനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. 

പോലീസ് റോഡിലെ ഇടുങ്ങിയ ഭാഗത്തും വളവിലും പരിശോധന നടത്തുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. മഞ്ചേശ്വരം ഭാഗത്ത് ഈ രീതിയില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത് മൂലം അപകടം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.