Latest News

രാഷ്ട്രീയ പ്രതിയോഗികളെ അക്രമംകൊണ്ട് തകര്‍ക്കുക എന്നത് സി പി എം മുഖ്യ അജണ്ട- എം എം ഹസ്സന്‍

കാസര്‍കോട്: രാഷ്ട്രീയ പ്രതിയോഗികളെ അക്രമം കൊണ്ട് തകര്‍ക്കുകഎന്നത് സി പി എം മുഖ്യ അജണ്ടയാക്കിയിരിക്കുകയാണന്ന് കെ പി സി സി പ്രസിഡണ്ട്‌ എം എം ഹസ്സന്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരുപത്തിനാല് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് കേരളത്തില്‍ നടന്നത്. താലിബാന്‍ നാണിക്കുന്നതരത്തിലുള്ള കൊലകളാണ് സി പി എം നടത്തുന്നത്.

കണ്ണൂരില്‍ ശുഹൈബിനെയും അരിയില്‍ ഷുക്കൂറിനെയും കൊലപ്പെടുത്തിയതും ഇത്തരത്തിലായിരുന്നു. ടി പി ചന്ദ്രശേഖരന്റെ ശരീരത്തില്‍ അന്‍പത്തിയൊന്നു വെട്ടുകളും ശുഹൈബിന്‍റെ ശരീരത്തില്‍ നാല്‍പത്തിയൊന്നു വെട്ടുകളും ആണ് ഉണ്ടായിരുന്നത്. ഇതേപോലെ തന്നെയാണ് മണ്ണാര്‍ക്കാട്ട് സി പി ഐ ക്കാര്‍ ഷമീറിനെ കൊലപ്പെടുത്തിയതെന്നും ഹസ്സന്‍ പറഞ്ഞു.

ജനമോചന യാത്രയുടെ ഉദ്ഘാടനപരിപാടികളെപ്പറ്റി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ കോണ്‍ഗ്രസ്‌ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി സി സി പ്രസിഡണ്ട്‌.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ പറ്റാത്ത പാര്‍ട്ടികളാണ് ബി ജെ പി യും സി പി എമ്മും. തങ്ങള്‍ക്കെതിരെ ശബ്ധിക്കുന്നവരെ ഭരണത്തണലില്‍ സംഘ പരിവാരങ്ങള്‍ വേട്ടയാടുമ്പോള്‍, അതേ നിലപാട് തന്നെയാണ് കേരളത്തില്‍ സി പി എമ്മും നടപ്പിലാക്കുന്നത്.

നല്ല ദിനങ്ങള്‍ വരുന്നു എന്ന ഹിറ്റ്ലറിന്‍റെ വാക്കുകള്‍ കടമെടുത്തു അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളും സമാനമായിരിക്കുകയാണ്. അതെ വാക്കുകള്‍ മറ്റൊരു രൂപത്തിലാണ് ഇടതുമുന്നണിയും പ്രചരിപ്പിച്ചു, ജനങ്ങളെ കബളിപ്പിച്ചു അധികാരത്തില്‍ വന്നത്. ഇവരൊക്കെയും അസഹിഷ്ണുതയും ഏകാധിപത്യവും മുഖ മുദ്രയാക്കുന്നു.

അധികാരത്തില്‍ ഇല്ലാത്തപോള്‍ പോലീസ് പുല്ലാണ് എന്ന് പറഞ്ഞ ഇടതുപക്ഷക്കാര്‍, ഇപ്പോള്‍ നിയമം പുല്ലാണ് എന്ന് തിരുത്തിയിരിക്കുകയാണ്.

ഏഴിന് ആരംഭിക്കുന്ന കെ പി സി സി യുടെ ജനമോചന യാത്ര നിലവിലെ ഭരണ കൂടങ്ങള്‍ക്ക് ശക്തമായ താക്കീതായി മാറുമെന്നു അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ശക്തമായ വെല്ലുവിളികള്‍ ആണ് നേരിടുന്നതെന്ന് യോഗത്തില്‍ സംസാരിച്ച കെ പി സി സി സീനിയര്‍ ജനറല്‍സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. ജനമോചന യാത്ര വിജയിപ്പിക്കാന്‍ താഴെ തട്ടുമുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഡി സി സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, സുമ ബാലകൃഷ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍ നായര്‍ സംസാരിച്ചു. ഡി സി സി ജനറല്‍സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍വീട് സ്വാഗതവും വി ആര്‍ വിദ്യാസാഗര്‍ നന്ദിയും പറഞ്ഞു.

ജനമോചന യാത്രയുടെ ഉദ്ഘാടന പരിപാടി വന്‍ വിജയമാക്കാന്‍ യോഗത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി മണ്ഡലം, ബ്ലോക്ക് പ്രസിഡണ്ട്‌മാര്‍ വിശദീകരിച്ചു. ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ട്‌മാര്‍, മണ്ഡലം പ്രസിഡണ്ട്‌മാര്‍, പോഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

ജനമോചന യാത്രയ്ക്ക് മുന്നോടിയായി വിവിധ പരിപാടികളും കെ പി സി സി ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ അക്രമങ്ങള്‍ക്കെതിരെ സന്ദേശം നല്‍കുന്ന തെരുവ് നാടകവും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും സംഘടിപ്പിക്കും.

ഏപ്രില്‍ മൂന്നിന്, കെ പി സി സി ഐ ടി വിഭാഗം തയാറാക്കുന്ന , അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മമാരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഡിജിറ്റല്‍ ആപ് കണ്ണൂരില്‍ കൊല്ലപ്പെട്ട സുഹൈബിന്‍റെ സഹോദരി ശര്‍മ്മിള ലോഗ് ഇന്‍ ചെയ്യും. ഏപ്രില്‍ നാലിന് കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. റബര്‍ കര്‍ഷകര്‍ അടക്കമുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.