Latest News

പിറന്നാള്‍ ദിനത്തില്‍ കുഞ്ഞുമരിയക്ക് യാത്രാമൊഴി

പരപ്പ: തിങ്കളാഴ്ച പിറന്നാളാഘോഷിക്കേണ്ടിയിരുന്ന മരിയ ആയിരങ്ങളുടെ കണ്ണീര്‍ സാക്ഷിയായി ദൈവസന്നിധിയിലേക്ക് മടങ്ങി.[www.malabarflash.com]

ബിരിക്കുളം ചെറുപുഷ്പം ദേവാലയത്തില്‍ ഓശാന ഞായര്‍ കുര്‍ബാനയില്‍ പങ്കെടുക്കാനായി മാതാപിതാക്കളോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ബൈക്കിന്റെ ടയറില്‍ ഷാള്‍ കുടുങ്ങി തെറിച്ചുവീണ് മരണപ്പെട്ട ബിരിക്കളം പെരിയങ്ങാനത്തെ കുന്നിരിക്കല്‍ സജിയുടെയും ബിന്ദുവിന്റെയും ഏക മകള്‍ മരിയയുടെ മൃതദേഹമാണ് ഇതേ പള്ളിസെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി സംസ്‌കരിച്ചത്.
പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മരിയയുടെ പന്ത്രണ്ടാംപിറന്നാളാഘോഷം തിങ്കളാഴ്ച നടക്കേണ്ടതായിരുന്നു. 

പൂച്ചെടിയുണ്ടാക്കി വില്‍ക്കലാണു മരിയയുടെ പിതാവ് സജിയുടെ ജോലി. അമ്മ പരപ്പ ടൗണില്‍ ലബോറട്ടറി നടത്തി വരുന്നു. ഏറെ നാളത്തെ പരിശ്രമഫലമായി മാസങ്ങള്‍ക്കു മുന്‍പാണു പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറ്റിയത്.
അതുകൊണ്ടു തന്നെയാണ് ഏകമകളുടെ പിറന്നാളാഘോഷം വിപുലമാക്കാന്‍ തീരുമാനിച്ചത്. ഓശാന ഞായര്‍ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്ത ശേഷം പിറന്നാള്‍ ഉടുപ്പും കേക്കും മറ്റും വാങ്ങാന്‍ പോകാനിരുന്നതായിരുന്നു. എന്നാല്‍ പള്ളിയിലേക്കെത്തുന്നതിന് ഏതാനും മീറ്റര്‍ അകലെ കാലിച്ചാമരം പരപ്പ റോഡില്‍ ബിരിക്കുളത്ത് വെച്ചാണ് മരിയയുടെ ചുരിദാറിന്റെ ഷാള്‍ ടയറില്‍ കുടുങ്ങി അപകടമുണ്ടായത്. 

മരിയയും അമ്മ ബിന്ദുവും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ച്ചയില്‍ മരിയയുടെ തലയ്ക്കും ഗുരുതരമയി പരിക്കേറ്റിരുന്നു.
ഉടന്‍ തേജസ്വിനി സഹകരണാശുപത്രിയിലേക്ക് എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ദീപ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്കെത്തും മുമ്പ് തന്നെ മരിയ മരണപ്പെട്ടിരുന്നു. 

ഞായറാഴ്ച പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും തിങ്കളാഴ്ച ബിരിക്കുളം ചെറുപുഷ്പം പള്ളിയിലും നൂറുക്കണക്കിനാളുകളാണ് നിറമിഴികളുമായി മരിയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.