Latest News

പരീക്ഷയിൽ ഡമ്മി വിദ്യാർഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിൻസിപ്പൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി

ചണ്ഡിഗഡ്: പത്താം ക്ലാസ് പരീക്ഷയിൽ ഡമ്മി വിദ്യാർഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിൻസിപ്പൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി. ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം.[www.malabarflash.com]

ഫിസിക്കൽ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിൻസിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈസമയത്ത് അയൽവീട്ടിൽ വച്ചായിരുന്നു മാനഭംഗം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പലിനും രണ്ടു വനിതകൾക്കുമെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്.

പതിനാറുകാരിയെ പത്താം ക്ലാസ് പരീക്ഷയിൽ ജയിപ്പിക്കുന്നതിനായി പതിനായിരം രൂപ നൽകാൻ തയാറായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഈമാസം എട്ടിന് പ്രിൻസിപ്പൽ തന്നെയും മകളെയും സ്കൂളിലേക്കു വിളിപ്പിച്ചു. പെൺകുട്ടിയെ പ്രിൻസിപ്പലിന്റെ ബന്ധുവീട്ടിൽ നിർത്തി പോകാൻ നിർദേശിക്കുകയും അവൾക്കു പകരം മറ്റൊരാൾ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പോലീസിനോടു പറഞ്ഞു.

പരീക്ഷയ്ക്കുശേഷം പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പ്രിൻസിപ്പൽ, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവൾതന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെയാണ് പ്രിൻസിപ്പലും സഹായികളും ഇവിടെനിന്നും രക്ഷപെട്ടത്.

ഇവിടെ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ദലിത് പെൺകുട്ടിയെ മാനഭംഗം ചെയ്തു ഗർഭിണിയായ സംഭവത്തിൽ അധ്യാപകനെ അറസ്റ്റു ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.