Latest News

ജില്ലയുടെ വികസനം: അനുകൂല-പ്രതികൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് പി.കരുണാകരന്‍

കാസര്‍കോട്: ജില്ലയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ അനുകൂലഘടകങ്ങള്‍ ഉപയോഗപ്പെടുത്തുവാനും പ്രതികൂലഘടകങ്ങള്‍ അനുയോജ്യമാക്കിയെടുക്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു.[www.malabarflash.com]

പതിമൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട് 2018-19 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായുളള വികസന സെമിനാര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി രൂപികരിച്ച് നടപ്പാക്കുന്നതില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് മുന്നേറുവാന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കഴിയണം. ജില്ലയിലെ ആയിരക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്താന്‍ കഴിയണം. ബേഡഡുക്ക പഞ്ചായത്ത് ഇക്കാര്യത്തില്‍ മാതൃകയാണ്. 

ജില്ലയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. സപ്തഭാഷയെയും നമ്മുടെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം.
നവകേരള രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തുള്‍പ്പെടെയുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ ആസൂത്രണംചെയ്ത് നമ്മുടെ സംസ്ഥാനത്തിന് പുതിയൊരു വികസന മാതൃക സൃഷ്ടിക്കാന്‍ സാധിക്കും. 

ജനകീയാസൂത്രണം പ്രക്രിയയില്‍ എല്ലാ കാലവും മികച്ച ജനോപകാരപ്രദമായ പദ്ധതികളിലൂടെ മാതൃക തീര്‍ത്തിട്ടുളള കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ജില്ലയുടെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഇനിയുമേറെ ചെയ്യാന്‍ കഴിയുമെന്നും പി.കരുണാകരന്‍ എം.പി പറഞ്ഞു.
പദ്ധതി രൂപീകരണത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും ജില്ലയുടെ വികസന പ്രയാണത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ട ആവശ്യകതയെപറ്റിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 

പിന്നോക്ക ജില്ലയെന്ന കാലാകാലങ്ങളായുളള മുറവിളി അവസാനിപ്പിച്ച് ജില്ലയെ എല്ലാ രംഗത്തും സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുതകുന്ന പദ്ധതികളുടെ കരട് രൂപമാണ് ഈ വികസന സെമിനാറിലൂടെ ജില്ലാ പഞ്ചായത്ത് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരട് പദ്ധതി രേഖയിലെ ആശയങ്ങളോടൊപ്പം പുതുതായി ഉള്‍പ്പെടുത്തേണ്ട ആശയങ്ങളുള്‍പ്പെടെയുളളവയുടെ ക്രോഡീകരണം ഓരോ വിഷയസമിതിയുടേയും അദ്ധ്യക്ഷന്മാര്‍ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. പുതിയ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ കാഴ്ച്ചപ്പാട്, വികസന തന്ത്രം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിപിസി സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഫരീദ സക്കീര്‍, ഷാനവാസ് പാദൂര്‍, അഡ്വ.എ.പി ഉഷ, ഹര്‍ഷാദ് വോര്‍ക്കാടി, ഡിപിസി ഗവ.നോമിനി കെ.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടി പി.നന്ദകുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍,
ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.