Latest News

സെൽഫി എടുക്കുന്നതിനിടെ വള്ളം മറിഞ്ഞു യുവാവ് മരിച്ചു

ഹരിപ്പാട്: മൊബൈൽ ഫോണിൽ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞു യുവാവു മരിച്ചു. ഒപ്പം സഞ്ചരിച്ച രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കരുവാറ്റ കൈപ്പള്ളി തറയിൽ ഗോപിനാഥന്റെ മകൻ മധു (32) ആണു മരിച്ചത്.[www.malabarflash.com]

സുഹൃത്തുക്കളായ രാജേഷ് ഭവനത്തിൽ ശരത്ത് (29), കൈപ്പള്ളി വടക്കതിൽ ശ്രീരാജ് (32) എന്നിവരാണു രക്ഷപ്പെട്ടത്. വെളളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറായിരുന്നു അപകടം.

ഗൾഫിൽനിന്ന് അവധിക്കു നാട്ടിലെത്തിയ ശ്രീരാജ്, സുഹൃത്ത് ശരത്ത് എന്നിവർക്കൊപ്പം കരുവാറ്റയിൽനിന്നാണു ഫൈബർ വള്ളത്തിൽ യാത്ര പുറപ്പെട്ടത്. മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറ് കരയിൽ കയറിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. മധു ഫൊട്ടോഗ്രഫറാണ്. എഴുന്നേറ്റു നിന്നു സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നെന്നാണു രക്ഷപ്പെട്ടവർ പോലീസിനു നൽകിയ മൊഴി.

വള്ളം മറിഞ്ഞു മൂന്നു പേരും വെള്ളത്തിൽ വീണെങ്കിലും ശ്രീരാജും ശരത്തും വള്ളത്തിൽ പിടിച്ചു കിടന്നു. പിന്നീട് ഇവർ നീന്തി കരയ്ക്കെത്തി. ഇവർ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഹരിപ്പാട്ടെ അഗ്നിരക്ഷാ സേനാ യൂണിറ്റും നടത്തിയ തിരച്ചിലിൽ നാലു മണിയോടെ മധുവിന്റെ മൃതദേഹമാണു കണ്ടെത്താനായത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലളിത. സഹോദരി: മഞ്ജു.

അതേ സമയം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു മധുവിന്റെ മരണം സ്ഥിരീകരിക്കുമ്പോൾ മധുവിന്റെ അവസാന സെൽഫിക്കു സമൂഹ മാധ്യമത്തിൽ ലൈക്കും കമന്റും വന്നുകൊണ്ടേയിരിക്കുകയായിരുന്നു. ചിത്രത്തിനടിയിൽ ‘ആദരാഞ്ജലികൾ’ എന്ന് ഒരു സുഹൃത്ത് കമന്റ് ഇട്ടപ്പോഴാണ് ആ ചിത്രം മധുവിന്റെ അവസാനചിത്രമാണെന്നു ലോകമെങ്ങുമുള്ള സുഹൃത്തുക്കൾ ഞെട്ടലോടെ അറിഞ്ഞത്.

ദുരന്തമറിഞ്ഞ് ഓടിയെത്തിയവർ ആശുപത്രി പരിസരത്തു വിങ്ങലോടെ തടിച്ചുകൂടി. വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ മധു ധാരാളം ചിത്രങ്ങളും സെൽഫിയും മൊബൈൽ ഫോണിൽ എടുത്തിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അപകടത്തിനു തൊട്ടുമുൻപു മധു മൊബൈലിൽ പകർത്തിയ ചിത്രം സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
എന്നാൽ, ചിത്രത്തിന്റെ നിലവാരത്തിൽ തൃപ്തി തോന്നാതെ എഴുന്നേറ്റുനിന്നു സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നു.

ചെറുതന പാലത്തിനും ആയാപറമ്പ് കടവിനും ഇടയിൽ വള്ളം മുങ്ങിയ ഭാഗത്തുനിന്നു തന്നെയാണു മൃതദേഹം കണ്ടെത്തിയത്. മണൽവാരൽ തൊഴിലാളികളായിരുന്ന മണിക്കുട്ടൻ, ഉമ്മച്ചൻ സാബു എന്നിവരാണു മൃതദേഹം മുങ്ങിയെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.