Latest News

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ

കൊച്ചി: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം സിബിഐക്കു വിട്ട സിംഗിൾ ജഡ്ജിയുടെ ഉത്തരവു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.[www.malabarflash.com]

ക്രിമിനൽ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കില്ലെന്നും സുപ്രീംകോടതിയെ ആണു സമീപിക്കേണ്ടതെന്നും ഷുഹൈബിന്റെ മാതാപിതാക്കൾക്കു േവണ്ടി അഭിഭാഷകൻ വാദിച്ചു. ഈ നിയമപ്രശ്നം കോടതി പിന്നീടു പരിഗണിക്കും. ഇതു സംബന്ധിച്ച് മറുപടിക്കു സർക്കാരിനു സമയം അനുവദിച്ചിട്ടുണ്ട്. കേസ് 23നു വീണ്ടും പരിഗണിക്കും.

പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ മേഖലയിൽ ലെറ്റർ പേറ്റന്റ് (മദ്രാസ്) നിയമത്തിലെ 15–ാം വകുപ്പ് ഇപ്പോഴും ബാധകമാണെന്ന് 1992ലെ ‘കെ.എ. ദാസ്’ കേസ് വിധി ഉദ്ധരിച്ച് ഷുഹൈബിന്റെ മാതാപിതാക്കൾക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. ഈ നിയമ പ്രകാരം ക്രിമിനൽ വിഷയങ്ങളിൽ റിട്ടധികാരം വിനിയോഗിച്ച് സിംഗിൾ ജഡ്ജി പുറപ്പെടുവിക്കുന്ന ഉത്തരവിന്മേൽ അതേ ഹൈക്കോടതിയിൽ ക്രിമിനൽ അപ്പീൽ നിലനിൽക്കില്ലെന്നാണു വാദം. സർക്കാരിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ അമരേന്ദ്ര ശരൺ ആണു വാദത്തിനെത്തുന്നത്.

ഹർജിക്കൊപ്പമുണ്ടായിരുന്ന എഫ്ഐആറും പത്രറിപ്പോർട്ടും അല്ലാതെ മറ്റു രേഖകളൊന്നും സിംഗിൾ ജഡ്ജിയുടെ മുന്നിലുണ്ടായിരുന്നില്ലെന്നും കേസ് ഡയറി പരിശോധിച്ചില്ലെന്നും ആരോപിച്ചാണ് അപ്പീൽ. കൊല നടന്നു മൂന്നാഴ്ചയേ ആയുള്ളൂ എന്നും പ്രത്യേകസംഘം ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അപ്പീലിൽ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.