Latest News

മതം മാറിയവരുടെ രേഖകളിലെ തിരുത്തലിന് സർട്ടിഫിക്കറ്റ് നിർബന്ധമല്ല: ഹൈക്കോടതി

കൊച്ചി: മതം മാറിയവർക്ക് ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്താൻ സർക്കാർ അധികാരപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്നുള്ള മതംമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധിക്കാനാവില്ലെന്നു ഹൈക്കോടതി.[www.malabarflash.com]

വ്യക്തിയുടെ മതംമാറ്റ പ്രഖ്യാപനം അംഗീകരിച്ച് ഒൗദ്യോഗിക രേഖകളിലെ വിവരങ്ങളിൽ മാറ്റം അനുവദിക്കാം. അതേസമയം, മതംമാറ്റത്തിന്റെ ആധികാരികത സംബന്ധിച്ചു സംശയമുണ്ടെങ്കിൽ തഹസിൽദാർ തുടങ്ങി റവന്യു ഉദ്യോഗസ്ഥർ മുഖേന പരിശോധന നടത്തി ബോധ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ച പെരിന്തൽമണ്ണ സ്വദേശി ആയിഷ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.

രേഖകളിൽ പേരും മതവും മാറ്റാൻ പ്രിന്റിങ് ഡയറക്ടർക്ക് അപേക്ഷ നൽകിയപ്പോൾ മതംമാറ്റ സർട്ടിഫിക്കറ്റ് നിഷ്കർഷിച്ച സാഹചര്യത്തിലാണു ഹർജി. ഇസ്‌ലാം മതത്തിലേക്കു മാറിയവർക്ക് അംഗീകാര സർട്ടിഫിക്കറ്റ് നൽകാൻ ചില സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവുണ്ട്. മതംമാറ്റം രേഖപ്പെടുത്താൻ ഈ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമാണോ എന്ന വിഷയമാണു കോടതി പരിശോധിച്ചത്.

സ്വന്തം മതം തിരഞ്ഞെടുക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണെന്നു കോടതി വ്യക്തമാക്കി. ഒരാൾ മതം മാറിയെന്നു പ്രഖ്യാപിച്ചാൽ അതനുസരിച്ചു സർക്കാരിനു നടപടിയാകാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.