Latest News

ഷുഹൈബ് വധം: പ്രതികളെ സി പി എം പുറത്താക്കി

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി പി എം പുറത്താക്കി. ആകാശ് തില്ലങ്കേരി, ടി കെ അസ്‌കര്‍, കെ അഖില്‍, സി എസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.[www.malabarflash.com]

സി പി എം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടേതാണ് നടപടി. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്ന് നേരത്തെ പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഫെബ്രുവരി 12 ന് രാത്രി പത്തരയോടെയാണ് ഷുഹൈബിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ സി പി എം നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഷുഹെബ് വധവുമായി ബന്ധപ്പെട്ട് ഇതിനോടകം പതിനൊന്നു പേരാണ് അറസ്റ്റിലായിട്ടുള്ളത്.

അതേസമയം കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.