Latest News

കാസര്‍കോട് സ്വദേശിവാഹനാപകടത്തില്‍ മരണപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: കാസര്‍കോട് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ മകന്‍ തോമസ് എം കാപ്പന്‍ മലപ്പുറം ചങ്ങരങ്കുളത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ട് അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു.[www.malabarflash.com] 

ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും ഇപ്പോള്‍ നല്‍കിയവരുടെ മൊഴിയും ദൃക്‌സാക്ഷിമൊഴികളും മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 

കേസില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് എസ്‌ഐ ഉള്‍പ്പെടെയുള്ള കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ കര്‍ശനമായ നടപടി കൈക്കൊള്ളാന്‍ ഡിജിപിക്ക് നേരിട്ട് നിര്‍ദ്ദേശവും നല്‍കി.
കഴിഞ്ഞ ഡിസംബര്‍ 31ന് മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാളച്ചാലില്‍ മണല്‍ലോറി കാറിനിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തോമസ് എം കാപ്പനെ പ്രതിയാക്കി പോലീസ് കേസെടുത്തതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാനുവല്‍ കാപ്പന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കേസിന്റെ വിധിയില്‍ ലോക്കല്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പോലീസിന്റെ അന്വേഷണം സത്യസന്ധമായിരുന്നില്ലെന്നും നിഗമനങ്ങള്‍ പലതും കെട്ടിച്ചമച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെല്ലാം തിരുത്തുകയോ വ്യാജമായി ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

ഹരജിക്കാരുടെ വാദങ്ങളെല്ലാം സത്യമാണെന്ന് കേസ് ഡയറി വായിച്ചപ്പോള്‍ തന്നെ മനസിലായെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസിന്റെ നടപടികളില്‍ നിയമപരമായി ചെയ്യേണ്ട പല കാര്യങ്ങളും ചെയ്തില്ലെന്ന് മാത്രമല്ല, നിയമവിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഒട്ടും സത്യസന്ധമല്ലാതെയാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കാനായി മാത്രം പ്രത്യേക കേസ് ഡയറി പോലും തയ്യാറാക്കിയതായും കോടതി വിലയിരുത്തി. ഇതിനു സമാന്തരമായി മൊഴികളും രേഖപ്പെടുത്തി. ഈ നടപടികളെല്ലാം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവിലും കേസ് അന്വേഷിച്ച എസ്‌ഐയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു.

നേരത്തേ കേസ് പരിഗണനക്കെടുത്തപ്പോള്‍ തന്നെ ജസ്റ്റിസ് കമാല്‍ പാഷ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
കേരളത്തിലെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്നും തന്റെ ഇത്രയും കാലത്തെ അനുഭവം ഇതാണ് പഠിപ്പിച്ചതെന്നും നിരീക്ഷിച്ച ജസ്റ്റിസ് പാഷ സംസ്ഥാനത്തെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്നും വിലയിരുത്തിയിരുന്നു. 

വാദിയെ പ്രതിയാക്കിക്കൊണ്ടാണ് ഇത്തരം കേസുകളില്‍ പൊതുവെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് നിരീക്ഷിച്ച് കോടതി തോമസ് എം കാപ്പന്‍ മരണപ്പെട്ട കേസില്‍ സത്യസന്ധമായ അന്വേഷണമല്ല നടന്നിരിക്കുന്നതെന്ന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഉത്തരവിട്ടത്.
ഹര്‍ജിക്കാരനു വേണ്ടി അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.