Latest News

ചെങ്കോട്ട തകര്‍ത്ത് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്‌

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിലേറെക്കാലത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്. 59ല്‍ 40 സീറ്റുകളിലും ബിജെപിയും ഐപിഎഫ്ടിയും അടങ്ങുന്ന സഖ്യം വ്യക്തമായ ലീഡ് നേടുമ്പോള്‍ 18 സീറ്റുകളില്‍ മാത്രമാണ് സിപിഎം മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം.[www.malabarflash.com]

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കള്‍ നേരിട്ടെത്തിയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കാടിളക്കിയുള്ള ഈ പ്രചാരണത്തിലൂടെ ജനവിധി അനുകൂലമാക്കാന്‍ ബിജെപിക്ക് സാധിച്ചു. മാറ്റത്തിന് തയ്യാറാകൂ എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. കഠിനാധ്വാനത്തിന്റെ വിജയമാണ് തങ്ങള്‍ ത്രിപുരയില്‍ നേടിയതെന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞു.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ ഒഴികെ എല്ലായിടത്തും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. 2013ല്‍ പത്ത് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ത്രിപുരയില്‍ തുടച്ചുനീക്കപ്പെടുകയും ചെയ്തു.

മേഘാലയയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നാഗാലാന്‍ഡില്‍ ബിജെപി – എന്‍ഡിപിപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.