Latest News

ബ്രിട്ടനിലെ കൊടുംതണുപ്പില്‍ ഭവനരഹിതര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളികള്‍

ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.[www.malabarflash.com] 

കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ മുസ്ലിംകള്‍ സംഘടനകള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ മക്കി മസ്ജിദിന് പുറത്ത് പ്രത്യേക ക്യാമ്പ് തന്നെ തുറന്നിട്ടുണ്ട്.

ഭവനരഹിതര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കിയിട്ടുണ്ടെന്ന് മക്കി മസ്ജിദ് നടത്തിപ്പുകാരില്‍ ഒരാളായ റബ്‌നവാസ് അക്ബര്‍ പറഞ്ഞു. 

ഭവനരഹിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന നഗരമെന്ന നിലയില്‍ മാഞ്ചസ്റ്ററില്‍ മസ്ജിദ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നിരവധി പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇവരില്‍ പലരും മനോരോഗികളും മയക്ക് മരുന്നിന് അടിമകളും അനധികൃത കുടിയേറ്റക്കാരുമാണ്. ഇവരുടെ ക്ഷേമത്തിനുവേണ്ടി ബ്രിട്ടീഷ് ഭരണകൂടം പ്രത്യേക ഫണ്ടൊന്നും നീക്കിവെച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി മക്കി മസ്ജിദില്‍ തങ്ങിയ ഭവനരഹിതരില്‍ ഒരാളാണ് ജാമി. ജീവിതത്തില്‍ ഒരിക്കല്‍ പോലും പള്ളിയില്‍ പോയിട്ടില്ലാത്ത തന്നെ മസ്ജിദ് അധികൃതര്‍ ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. മയക്കുമരുന്നിന് അടിമയായ താന്‍ കൊടുംതണുപ്പില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയില്‍ കഴിയുമ്പോഴാണ് ഒരാള്‍ വന്ന് പള്ളിയിലേക്ക് ക്ഷണിച്ചതെന്നും ജാമി ഓര്‍ക്കുന്നു. 

ലീഡ്‌സ് ഗ്രാന്‍ഡ് മസ്ജിദ്, ഉല്‍ദം മസ്ജിദ്, ഫിന്‍സ്ബറി പാര്‍ക് മസ്ജിദ്, കാന്റര്‍ബറി മസ്ജിദ്, ഡബ്ലിനിലെ ക്ലോന്‍സ്‌കീഗ് മസ്ജിദ് തുടങ്ങിയ നിരവധി പള്ളികള്‍ ഭനവരഹിതര്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. രാത്രിയില്‍ പള്ളിയില്‍ തങ്ങുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഈ മസ്ജിദുകളെല്ലാം പ്രത്യേക വളണ്ടിയര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.