Latest News

അച്ഛനാണെന്നതിന് തെളിവുണ്ടോയെന്ന് സദാചാര ഗുണ്ടകള്‍ ; പിതാവിനും രണ്ടു പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന പീഡനം

കല്പറ്റ: രാത്രി കല്പറ്റ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി സര്‍വീസ് നടത്തിയിരുന്ന ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ കല്പറ്റ പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]

ഏഴംഗസംഘമാണ് ഇവരെ ആക്രമിച്ചത്. കല്പറ്റ അമ്പിലേരി ചെളിപ്പറമ്പില്‍ വീട്ടില്‍ ഹിജാസ് (25), പുഴമുടി എടകുനി ലക്ഷംവീട്ടില്‍ പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപ്പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ നാസര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 28-ന് രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്‌ചെയ്ത് അനന്തവീര തിയേറ്ററിനുസമീപം ബസ് കാത്തിരിക്കയായിരുന്നു സുരേഷ് ബാബുവും രണ്ട് പെണ്‍മക്കളും. എതിര്‍വശത്തെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ അടുത്തെത്തി ചോദ്യംചെയ്യുകയും സ്വന്തം മക്കളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 

ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. 'ചെറുപ്പക്കാരികളായ പെണ്‍കുട്ടികളോടൊപ്പം എന്താടോ ഇവിടെ' എന്ന ആക്രോശത്തോടെയാണ് ഡ്രൈവര്‍മാരുടെ സംഘം എത്തിയത്. സ്വന്തം മക്കളാണെന്നും ബെംഗളൂരുവിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോള്‍ സ്വന്തം മക്കളാണ് എന്നതിന് തെളിവുനല്‍കാനാണ് ഇവര്‍ സുരേഷ് ബാബുവിനോട് ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് സുരേഷ് ബാബുവിന്റെ തോളില്‍പ്പിടിച്ച് തള്ളിയതോടെ മക്കള്‍ നിലവിളിച്ചു. കുട്ടികള്‍ കരഞ്ഞ് ബഹളംവെച്ചിട്ടും ഡ്രൈവര്‍മാര്‍ പിന്‍മാറാന്‍ തയ്യാറായില്ല. 'ഏതാടാ കുട്ടികള്‍, എന്തിനാടാ ഇവരെ കൊണ്ടുപോവുന്നത്' തുടങ്ങിയ ചോദ്യങ്ങളുമായി ആക്രോശം തുടര്‍ന്നു. കല്പറ്റ പോലീസിനെ വിവരമറിയിക്കാന്‍ സുരേഷ് ബാബു ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വനിതാസെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നപ്പോള്‍ മൂന്നുപേരും ബെംഗളൂരുവിലേക്ക് യാത്രതിരിച്ചു. 

തിരികെവന്നതിനുശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു കല്പറ്റ പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം അന്വേഷണം ത്വരപ്പെടുത്തിയ പോലീസ് രണ്ടുദിവസംകൊണ്ടുതന്നെ പ്രതികളെ പിടികൂടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.