കാസര്‍കോട് : പഠിച്ചിറങ്ങിയ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 15ലക്ഷത്തിന്റെ ബൃഹത് പ്രോജക്റ്റ് പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.[www.malabarflash.com]
ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പഴയ സഹപാഠികളുടെ കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സ്‌കൂളിന്റെ വികസനത്തിന് കൈകോര്‍ക്കാന്‍ രംഗത്തെത്തിയത്. സ്‌കൂളിന്റെ എന്നെത്തേയും സ്വപ്‌നമായ വിവിധ പദ്ധതികളാണ് ഇതോടെ പൂര്‍ത്തിയായത്.
സ്‌കൂളിന്റെ 42മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥി ബി.എ അഷ്‌റഫ് ബെദിര സംഭാവന ചെയ്ത ആധുനിക രീതിയിലുള്ള സ്‌റ്റേജ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ സ്‌കൂളിന് സമര്‍പ്പിച്ചു. ഒ.എസ്.എയുടെ കീഴിലുള്ള 'ക്ലാസ്‌മേറ്റ്‌സ് 76' നിര്‍മിച്ച ഹൈടെക് ലൈബ്രറി ഹാള്‍ ആദ്യാക്ഷരം പഠിപ്പിച്ച അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
1988 ബാച്ച് സംഭാവന ചെയ്ത കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിസ്‌കാര മുറികളുടെ ഉദ്ഘാടനം ബെദിര ഖത്തീബ് അഹമ്മദ് ദാരിമിയും നിര്‍വഹിച്ചു.
പ്രസിഡണ്ട് സലീം ചാല അത്തിവളപ്പിന്റെ നേതൃത്വത്തിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സ്‌കൂളിന്റെ നാനോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തോളമായി നേതൃത്വം നല്‍കുന്നത്.
വാര്‍ഷികാഘോഷ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മമ്മു ചാല സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി, ജനറല്‍ സെക്രട്ടറി ബി.എ കുഞ്ഞഹമ്മദ്, ട്രഷറര്‍ അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, മുഹമ്മദ് മാണിമൂല, സലാഹുദ്ദീന്‍ വലിയവളപ്പ്, ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
No comments:
Post a Comment