Latest News

ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യപ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. കൊലപാതകം നടക്കുമ്പോള്‍ ഷെറിന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയില്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഷെറിന്‍ സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.[www.malabarflash.com]

ഭര്‍തൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷെറിന്‍ തന്റെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.

മാവേലിക്കര അതിവേഗ കോടതി വിധിച്ച ശിക്ഷ പിന്നീട് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഷെറിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചാണ് ഷെറിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

എന്നാല്‍ കൃത്യം നടക്കുമ്പോള്‍ ഷെറിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുവെന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന ഷെറിന്റെ കുറ്റസമ്മതവും കോടതി ചൂണ്ടിക്കാട്ടി.

ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട ബാസിത് അലിക്കും മറ്റ് രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇവര്‍ ശിക്ഷാ ഇളവിനായി കോടതിയെ സമീപിച്ചിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.