Latest News

പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി സംവാദ സദസ്സ്

കാഞ്ഞങ്ങാട്: പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി പുതു വഴി തേടി കുടുംബശ്രീ കൂട്ടായ്മ.  മടിക്കൈ പഞ്ചായത്തിലാണ് വിത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.[www.malabarflash.com]

പുര നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളായിരുന്ന പഴയ കാലത്തെങ്കില്‍ കാലം മാറിയതോടെ അത് പുരുഷന്‍മാരിലേക്കെത്തിനില്‍ക്കുന്നു.

കല്ല്യാണം കഴിക്കാന്‍ പെണ്ണുകിട്ടാത്തതിന്റ വേദനയില്‍ വരിക്കപ്ലാവിന് വരണമാല്യം അണിയിക്കാന്‍ തീരുമാനിച്ച് ഫേസബുക്കില്‍ ക്ഷണക്കത്ത് പോസ്റ്റ് ചെയ്ത ചന്ദ്രു എന്ന യുവാവാണ് മടിക്കൈ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ആകുലപെടുത്തിയത്.

ഇത്തരത്തില്‍ വേദന മനസ്സിലൊതുക്കി കഴിയുന്ന നിരവധി പേരുണ്ട് ഈനാട്ടിന്‍പുറത്ത്. സദ്‌സ്വഭാവവും,സ്ഥിര വരുമാനവും ഉള്ളവര്‍ക്ക് പോലും പെണ്ണു കിട്ടുന്നില്ലെന്ന സാഹചര്യം രൂക്ഷമായതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംവാദ സദസ്സുമായി രംഗത്തിറങ്ങി.

മാധ്യമ പ്രവര്‍ത്തകനായ ചന്ദ്രു വെള്ളരിക്കുണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഫെയിസ് ബുക്കില്‍ കുറിച്ച വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
*ക്ഷണക്കത്ത്*
സുഹൃത്തെ/ബന്ധുജനങ്ങളെ,ഞാന്‍ വിവാഹിതനാവുകയാണ്.അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകല്‍ പത്തു മണിക്കാണ് ചടങ്ങ്.എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.വധുവിനെ പരിചയപ്പെടുത്തട്ടെ,വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധു.
വിവാഹത്തിന് വലിയ ചടങ്ങുകളോ ആര്‍ഭാടങ്ങളോ ഒന്നുമില്ല അവള്‍ കുറേ പഴുത്ത പ്ലാവിലകള്‍ പൊഴിച്ചു തരും ഞാനത് മാലയാക്കി അവള്‍ക്ക് ചാര്‍ത്തും.

വന്നവര്‍ക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം! ചരക്കെടുക്കാന്‍ തുണിക്കടയിലൊ സ്വര്‍ണ്ണം വാരാന്‍ ജൂവലറിയിലൊ പോയില്ല തേഞ്ഞു തീര്‍ന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം.ജീവിതത്തില്‍ എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല എല്ലാം ഒത്തുവന്നത് ഇപ്പഴാണ് വരനെക്കുറിച്ച് അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും.സര്‍ക്കാര്‍ ഉദ്യോഗമോ അഞ്ചക്ക ശമ്പളമോ ബാങ്ക് ബാലന്‍സോ എന്റെ നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.
പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല ചേര്‍ന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല.ഒരേയൊരു ഡിമാന്റ് മാത്രം
‘ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം.അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.ആയതിനാല്‍ സുഹൃത്തെ ഈ മംഗളകര്‍മ്മത്തില്‍ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ പ്രിയപ്പെട്ട ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു..
ചന്ദ്രു വെള്ളരിക്കുണ്ട്
(കവിത സമര്‍പ്പണം: സമാന ഹൃദയര്‍ക്ക്)

പ്രശ്‌നം കുടുംബങ്ങളെയും ബാധിക്കുന്നുവെന്ന തിരിച്ചറിവില്‍ വിഷയം പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവാദത്തിന് സ്ത്രീകളാണ് കാര്യമായി മുന്നിട്ടിറങ്ങിയത്.
കുടുംബശ്രയുടെ പരിശ്രമത്തിന് നാട്ടുകാരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ ഏറ്റെടുക്കണമെന്ന ആവശ്യവും സംവാദത്തില്‍ ഉയര്‍ന്നു വന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.