Latest News

സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും തമ്മിലുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു.[www.malabarflash.com] 

മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്നു കെജിഎംഒഎ അറിയിച്ചു. ആർദ്രം പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കും. ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കുമെന്നും ചർച്ചയിൽ തീരുമാനമായി.  സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പും മന്ത്രി ചർച്ചയിൽ അറിയിച്ചു. നാലു ദിവസമായി നടത്തിവന്നിരുന്ന സമരമാണ് കെജിഎംഒഎ പിന്‍വലിച്ചത്. 

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്കു ശേഷമാണു മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു തുടക്കം കുറിച്ചത്. മന്ത്രിയ്ക്കു പുറമേ പ്രൈവറ്റ് സെക്രട്ടറി പി. സന്തോഷ്, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരാണു സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. 

ഡോക്ടർമാരുടെ ഭാഗത്തുനിന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ്, സെക്രട്ടറി ഡോ. ജിതേഷ്, മുൻ ഭാരവാഹി ഡോ. ശശിധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

ചർച്ചയ്ക്കു തയാറാണെന്ന് കെജിഎംഒഎ നേരത്തേ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ, സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറുള്ളൂവെന്ന നിലപാടിനു മന്ത്രിയും മാറ്റം വരുത്തുകയായിരുന്നു. ചൊവ്വാഴ്ച സിപിഎം പാർട്ടി കോൺഗ്രസിനായി ഹൈദരാബാദിലേക്കു പോകുന്ന ആരോഗ്യമന്ത്രി ഇനി ഒരാഴ്ചയ്ക്കു ശേഷമേ തിരിച്ചെത്തൂ. അത്രയും സമയം സമരം നീട്ടിക്കൊണ്ടു പോകുന്നതു ശരിയാവില്ലെന്നും ഡോക്ടർമാരും വിലയിരുത്തി. ഇതാണ് അടിയന്തര ചർച്ചയ്ക്കു കളമൊരുക്കിയത്. 

മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍(എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്ന നിലപാട് ഡോക്ടർമാർ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ചർച്ചയ്ക്കുമുൻപേ രേഖാമൂലം ഉറപ്പു നൽകിയിരുന്നു. 

ആലപ്പുഴ ഡിപിഎം ഡോ. അരുൺ, കോഴിക്കോട് ഡിപിഎം ഡോ. ബിജോയ്, എറണാകുളം ഡിപിഎം ഡോ. മാത്യൂസ് നമ്പേരി എന്നിവരാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്. 

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചു ഡോക്ടർമാരെ നിയമിച്ചാലേ വൈകിട്ട് ആറു വരെ ജോലിയെടുക്കാനാകൂ എന്നു പ്രഖ്യാപിച്ചാണു ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.