കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ അടുത്തിടെയുണ്ടായ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]
പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം പടക്കം പൊട്ടിച്ചതും പോസ്റ്റര്‍ ഒട്ടിച്ചതും ന്യായീകരിക്കാനാവില്ല. ഇത്തരം രീതികള്‍ വിദ്യാര്‍ഥി സമൂഹത്തിന് ഭൂഷണമല്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്തം എസ്എഫ്‌ഐക്കു മേല്‍ ചാരാനാണ് പ്രിന്‍സിപ്പലയുള്‍പെടെയുള്ളവരുടെ ശ്രമം.
കോളേജിലുണ്ടായ സംഭവത്തെ പൊതുസമൂഹം ന്യായീകരിച്ചിട്ടില്ല. ഏതാനും വിദ്യാര്‍ഥികള്‍ സ്വയമേവ നടത്തിയ പ്രതികരണത്തെ എസ്എഫ്‌ഐയും തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും സംഭവത്തിന്റെ ഉത്തരവാദിത്തം എസ്എഫ്‌ഐക്കുമേല്‍ ചാര്‍ത്താനുള്ള ശ്രമം ഗുഢാലോചനയാണ്.
കോളേജില്‍ കുറച്ചുകാലമായി വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നത് എല്ലാവിഭാഗം വിദ്യാര്‍ഥികളുടെയും പരാതിയാണ്. പ്രിന്‍സിപ്പലിനെതിരെ എന്തുകൊണ്ട് ചില വിദ്യാര്‍ഥികളെങ്കിലും അത്തരം പ്രതികരണം നടത്തി എന്നതും പരിശോധിക്കപ്പെടണം.
എന്നാല്‍ കോളേജിലെ സംഭവത്തിന്റെ മറവില്‍ വിദ്യാര്‍ഥി സംഘടനാ രാഷ്ട്രീയം നിരോധിക്കാനുള്ള ശ്രമത്തെ ജനാധിപത്യ സമൂഹം അംഗീകരിക്കില്ല- ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment