Latest News

നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.[www.malabarflash.com]

സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോയ മൃതദേഹം വീട്ടിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് സംസ്‌ക്കരിക്കും.

തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.

സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാന്‍ പോയി ഒടുവില്‍ നടനായി മാറുകയായിരുന്നു. സംവിധായകന്‍ പത്മരാജന്റെ സഹായിയാകന്‍ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കുകയായിരുന്നു. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജന്‍.

1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനുമായി. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.