Latest News

ബാര മഹാവിഷ്ണുക്ഷേത്രം ലക്ഷംദീപപ്രഭയില്‍

ഉദുമ: നാടിന്റെ ക്ഷേമവും നന്മയും മനസ്സില്‍ പ്രാര്‍ഥിച്ച് അവര്‍ കൊളുത്തിയത് ഒരുലക്ഷം ദീപം. ബുധനാഴ്ച സന്ധ്യക്ക് ബാര മഹാവിഷ്ണു ക്ഷേത്രത്തില്‍ അത് പതിനായിരക്കണക്കിന് ചിരാതുകളില്‍ ജ്വലിച്ചുനിന്ന് നാടിനാകെ പ്രകാശം ചൊരിഞ്ഞു.[www.malabarflash.com] 

ആറാട്ടുത്സവത്തോടനുബന്ധിച്ച് ഇതാദ്യമായാണ് ബാര ക്ഷേത്രത്തില്‍ ലക്ഷംദീപസമര്‍പ്പണം നടന്നത്. ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കു ശേഷം അരവത്ത് കെ.യു.പദ്മനാഭ തന്ത്രിയാണ് ആദ്യദീപം കൊളുത്തിയത്. പിന്നാലെ മൂത്തേടത്ത് മല്ലിശ്ശേരി മാധവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശങ്കരനാരായണ ഹൊള്ള, ക്ഷേത്രാഘോഷക്കമ്മിറ്റി ചെയര്‍മാന്‍ മുല്ലച്ചേരി നാരായണന്‍ നായര്‍ കിഴക്കേവളപ്പ്, ഭരണ സമിതി പ്രസിഡന്റ് മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. 

വനിതകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേരാണ് ഒരേസമയം ദീപം കൊളുത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന നടന്നു. ആറാട്ടുത്സവ ഭാഗമായി വ്യാഴാഴ്ച രാവിലെ 10ന് ഇല്ലിക്കെട്ട് നമ്പൂതിരി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് മഹാപൂജയും തുടര്‍ന്ന് സമൂഹസദ്യയും. രാത്രി ഒന്‍പതിന് നൃത്തോത്സവവും കരിമരുന്ന് പ്രയോഗവും നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ബാരദേവന്റെ ഗ്രാമബലി എഴുന്നള്ളത്ത്. ശനിയാഴ്ച വൈകീട്ട് നാലിന് ആറാട്ടെഴുന്നള്ളത്ത് നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.