Latest News

ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച കേസില്‍ കുവൈത്തില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച കേസിൽ ദമ്പതികൾക്ക് വധശിക്ഷ.[www.malabarflash.com] 

ലബനൻ‌കാരനായ ഭർത്താവ് നാദിർ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവരുടെ അഭാവത്തിലാണു കുവൈത്ത് കോടതി വിധി. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ അറസ്റ്റിലായ ഇവരിൽ ഭർത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയൻ കസ്റ്റഡിയിലാണ്. 

കുവൈത്തിൽ തിരിച്ചെത്തുന്നപക്ഷം ഇവർക്ക് അപ്പീൽ നൽകാം. രണ്ടുപേരെയും തിരികെയെത്തിക്കാൻ ഇന്റർപോൾ സഹായം തേടിയിട്ടുമുണ്ട്. കൊലപാതകം കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലേക്കു ജോലിക്കായി പോകരുതെന്നു പൗരന്മാർക്കു ഫിലിപ്പീൻസ് നിർദേശവും നൽകി.

ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫ് കുറ്റക്കാരനെന്ന് ലബനൻ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നാൽപ്പതുകാരനായ പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാളുടെ സിറിയൻ സ്വദേശിയായ ഭാര്യയും കുറ്റക്കാരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ലബനീസ് പൗരൻ അസാഫിനെതിരെ ഉടൻ വിചാരണ തുടങ്ങുമെന്നും പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും ലബനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ലബനൻ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കുവൈത്ത് കോടതിയുടെ വിധി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസമാണ് പ്രതി അസാഫ് കസ്റ്റഡിയിൽ ആയ വിവരം ഫിലിപ്പീൻ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്.

2016 മുതൽ അടച്ചിട്ടിരുന്ന കുവൈത്തിലെ അപാർട്ട്മെന്റിലെ ഫ്രീസറിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. 

ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. കുവൈത്തിൽ ഫിലിപ്പീൻ ജോലിക്കാർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജീവനൊടുക്കിയതായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുതെർത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിർത്തിവച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.