Latest News

വൃദ്ധനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.[www.malabarflash.com]

അമ്പലത്തറ സ്വദേശിയും മാവുങ്കാലില്‍ താമസക്കാരനുമായ ചന്തു(72)വിനെ തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിഅമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 

പിഴത്തുകയില്‍ 1 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്തുവിന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 

2011 ആഗസ്ത് 30നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചന്തുവിനെ അമ്പലത്തറയിലെ വീടിന് മുന്നില്‍ വെച്ച് കുഞ്ഞിരാമന്‍ അക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റ ചന്തുവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പിന്നീട് മരണം സംഭവിച്ചു.
അമ്പലത്തറയില്‍ സ്വന്തം വീടിന്റെ വാടക പിരിക്കാന്‍ ചെന്നപ്പോഴാണ് ചന്തു അക്രമിക്കപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി എം. അബ്ദുല്‍ സത്താര്‍ ഹാജരായി. അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ.വി. വേണുഗോപാലാണ് ഈ കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന വി.പി. സുരേന്ദ്രന്‍ ഈ കേസില്‍ തുടര്‍ അന്വേഷണം നടത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.