Latest News

കലവറ നിറയ്ക്കലോടെ കൊപ്പൽ തെയ്യംകെട്ടിനു തുടക്കം

ഉദുമ: പടിഞ്ഞാർ കൊപ്പൽ വീട് തറവാട്ടിൽ നൂറ്റാണ്ടുകൾക്കു ശേഷം നടത്തപ്പെടുന്ന വയനാട്ടുകുലവൻ തറവാട്ടിൽ അഞ്ചു ദിവസം നീളുന്ന തെയ്യംകെട്ടു ഉത്സവത്തിന് കലവറ നിറയ്ക്കളോടെ വർണ്ണാഭമായ തുടക്കം. ആചാര നിർവഹണനത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള നാലുവീടുകളിൽ ഒന്നാണിത്.[www.malabarflash.com]

രാവിലെ 9.38നും 10.33നും മധ്യേയുള്ള മുഹൂർത്തത്തിൽ കന്നിക്കലവറയാണ് ആദ്യം സമർപ്പിച്ചത്. തറവാട് സ്ഥിതിചെയ്യുന്ന ഉദുമ പടിഞ്ഞാർക്കര പ്രദേശത്തുകാർ വിളംബര ഘോഷയാത്രയെന്നോണം സമർപ്പിച്ച കലവറ നിറയ്ക്കലിന് ശേഷം പാലക്കുന്ന് കഴക പരിധിയിലെ വിവിധ പ്രാദേശിക സമിതികളിൽ നിന്നും ഒതവത്തു ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ധാന്യങ്ങളും പച്ചക്കറികളും വാഴക്കുലകളും നാളികേരങ്ങളും തറവാട്ടിലെ കലവറയിൽ നിറയ്ക്കാനായി ഘോഷ യാത്രയായി എത്തിച്ചു.

മാതൃസമിതിയും നാട്ടുകാരും ചേർന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറിക്ക് പുറമെയാണിത്. തുടർന്നുള്ള ദിവസങ്ങളിലും കലവറനിറയ്ക്കൽ ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു. 

ജില്ല സത്യസായി സേവ സംഘടനയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഭജനയുണ്ടായി. വൈകീട്ട് നടന്ന ആധ്യാത്മിക സമ്മേളനം പാലക്കുന്ന് ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ പി.വി.അശോക്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡോ. നാരായണൻ പള്ളിക്കാപ്പ് , പി.പി.ചന്ദ്രശേഖരൻ, കൊപ്പൽ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. സിനിമ സീരിയൽ നടൻ ഇല്ലിക്കെട്ട് നമ്പൂതിരി ആധ്യാത്മിക പ്രഭാഷണം നടത്തി. തഞ്ചാവൂർ കോവൈ ഗോപാലകൃഷ്ണ സ്വാമി ഏകാങ്ക നൃത്തശില്പം അവതരിപ്പിച്ചു. രാത്രി പാലക്കുന്ന് ഭഗവതി ക്ഷേത്ര സംഘത്തിന്റെ പൂരക്കളിയുമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.