Latest News

  

തിരച്ചിൽ വിഫലം; കുരങ്ങൻ തട്ടിയെടുത്ത കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

ഒഡിഷ: അമ്മയുടെ അരികിൽ നിന്നും കുരങ്ങൻ തട്ടികൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനും ആകാംക്ഷകള്‍ക്കും ഒടുവില്‍ സമീപത്തെ കിണറ്റിൽ നിന്നും ലഭിച്ചു.[www.malabarflash.com]

ശനിയാഴ്ചയാണ്‌ പതിനാറുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സമീപത്ത് നിന്ന് കുരങ്ങൻ എടുത്തുകൊണ്ട് കാട്ടിലേക്ക് ഒാടിയത്. ഒഡിഷയിലെ കട്ടക് ജില്ലയിലെ തലാബസ്ത എന്ന ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനായി പോലീസ് വനത്തിൽ വൻതിരച്ചിൽ നടത്തിയിരുന്നുവെങ്കിലും എല്ലാം വിഫലമായി. രാവിലെയാണ് വീട്ടിൽ അച്ഛനും അമ്മയ്ക്കും സമീപം കിടന്ന കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്ത് കടന്നത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോഴേക്കും കുരങ്ങൻ വീടിന് പുറത്ത് കടന്നിരുന്നു. അമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കുരങ്ങൻ കുഞ്ഞിനെയെടുത്ത് വീടുകൾക്ക് മുകളിലൂടെ ഒാടുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്താൻ അധികൃതർ തീവ്രശ്രമം നടക്കുന്നതിനിടെയിലാണ് കുഞ്ഞിന്റെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. 

വെള്ളം കോരാനെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ കുട്ടിയുടെ വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസെത്തി കുഞ്ഞിന്റെ മൃതദേഹം പോസ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകൂ. കുട്ടിയെ തട്ടിയെടുത്ത് പോകുന്നതിനിടെയിൽ കുരങ്ങന്റെ കൈയ്യിൽ നിന്നും കുഞ്ഞ് കിണറ്റിൽ വീണതാകാമെന്നാണ് സൂചന.

പൊലീസും അഗ്നിശമന സേനയും വനംവകുപ്പും സംയുക്തമായിട്ടാണ് കുട്ടിക്കായി വനത്തിൽ തിരച്ചിൽ നടത്തിയത്. ഇൗ പ്രദേശത്ത് കുരങ്ങുകളുടെ ആക്രമണം വളരെ രൂക്ഷമാണെന്ന് നേരത്തെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് കാര്യമാക്കിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.