Latest News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പോലീസുകാർ അറസ്റ്റിൽ

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ എസ്പിയുടെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്നു പോലീസുകാർ അറസ്റ്റിൽ. സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നിവരുടെ അറസ്റ്റ് പ്രത്യേകാന്വേഷണ സംഘം രേഖപ്പെടുത്തി.[www.malabarflash.com] 

ജനങ്ങളുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏതു സാഹചര്യം നേരിടാനും ഒരുങ്ങിയിരിക്കണമെന്നും എആർ ക്യാംപിലെ പോലീസുകാരോടു നിർദേശിച്ചിട്ടുണ്ട്. മുഴുവൻ പോലീസുകാരും സജ്ജരായിരിക്കാനും വ്യാഴാഴ്ച പ്രതി എസ്കോർട്ട് ഉൾപ്പടെയുള്ള ജോലികളെല്ലാം ഒഴിവാക്കാനും നിർദേശമുണ്ട്.

ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്നും പോലീസിന്റെ മർദനമേറ്റാണു മരിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പരുക്കുകളുടെ വിശകലനത്തിലൂടെ മാത്രമേ ഏതു വിധത്തിൽ, ആരുടെ മർദനമേറ്റാണു മരണമെന്നു വ്യക്തമാവൂ. ഇതിനു മുന്നോടിയായി പോലീസുകാരെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്. 

ഇതിനിടെ, പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിന് അഞ്ചു ഡോക്ടർമാർ ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിൽ മരണ കാരണമായ പരുക്കേതെന്നതാണു മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ആദ്യം അറിയേണ്ടത്. ഈ പരുക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മർദനം എന്നിവയും അറിയേണ്ടതുണ്ട്.

ശ്രീജിത്തിന് ഏൽക്കേണ്ടിവന്നത് ക്രൂരമായ പീഡനം എന്നാണ് ഫൊറൻസിക് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കിടത്തുമ്പോൾ ശരീരത്തിൽ ദൃശ്യമായ മുറിവുകളും പരുക്കുകളും വിശദീകരിക്കുന്ന ആന്റിമോർട്ടം റിപ്പോർട്ടിലും തുടർന്നുള്ള വിവരണത്തിലും ഇതുവ്യക്തം. 18 മുറിവുകൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.