Latest News

  

കൊല്ലം സ്വദേശി ചെറുവത്തൂരില്‍ ബന്ധു വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് മരിച്ചു

ചെറുവത്തൂര്‍: തീര്‍ത്ഥാടക സംഘത്തില്‍പ്പെട്ട വിമുക്തഭടന്‍ ബന്ധുവീടിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് മരണപ്പെട്ടു.കൊല്ലം കടക്കലിലെ സോമരാജന്‍-വസുന്ധര ദമ്പതികളുടെ മകന്‍ സുനില്‍ കുമാറാ(45)ണ് ചെറുവത്തൂര്‍ പുതിയകണ്ടത്തെ ബന്ധുവായ അഭിലാഷിന്റെ വീടിന്റെ രണ്ടാംനിലയില്‍ നിന്നും വീണ് മരിച്ചത്.[www.malabarflash.com]

ബന്ധുക്കളോടൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരും വഴിയാണ് സുനില്‍കുമാറും സംഘവും അഭിലാഷിന്റെ വീട്ടിലെത്തിയത്. വെളളിയാഴ്ച പറശിനിക്കടവ് ക്ഷേത്രദര്‍ശനം നടത്താനിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കടുത്ത ചൂടായതിനാല്‍ വീടിന്റെ രണ്ടാംനിലയില്‍ കിടന്നുറങ്ങിയതായിരുന്നു. പുലര്‍ച്ചെ പ്രാഥമികകര്‍മ്മം നിര്‍വ്വഹിക്കാനായി എഴുന്നേറ്റ സുനില്‍ കുമാര്‍ അബദ്ധത്തില്‍ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സുനിലിനെ താഴെ പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്.
ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. 

സുനില്‍കുമാര്‍ ഇപ്പോള്‍ കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: വിദ്യ. മക്കള്‍: ഭൂമിക, ദേവിക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.