Latest News

അഞ്ചു ദിവസം കടലില്‍ കുടുങ്ങിയ ബോട്ടിലെ 12 പേരെ രക്ഷപ്പെടുത്തി

നീലേശ്വരം: നാലു ദിവസം യന്ത്രത്തകരാറിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയ ബോട്ടിലെ 12 പേരെ കോസ്റ്റുഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. നീലേശ്വരം അഴിമുഖത്തിന് 90 കിലോ മീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി അഞ്ചു ദിവസമായി കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.[www.malabarflash.com]

എറണാകുളത്തെ കെ എസ് ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഐഎന്‍ഡി കെഎല്‍ 04 എംഎം 2199 ബോട്ടാണ് കടലില്‍ കുടുങ്ങിയത്. 12 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയതായി തൃക്കരിപ്പൂര്‍ തീരദേശ പോലീസിനാണ് വിവരം ലഭിച്ചത്. 

എന്നാല്‍ ഇവരുടെ നിയന്ത്രണ പരിധിക്കും പുറത്താണ് അപകടമെന്നതിനാല്‍ കോസ്റ്റല്‍ സിഐ നന്ദകുമാറും ഫിഷറീസ് അസി. ഡയറക്ടര്‍ പി വി സതീഷും ജില്ലാ കളക്ടര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എറണാകുളം ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും കൊച്ചിയില്‍ നിന്നും കോസ്റ്റുഗാര്‍ഡിനെ നീലേശ്വരത്തെത്തിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം റസ്‌ക്യൂ ഗാര്‍ഡ് പി മനു, ധനീഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണിരാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

ഇരവിപുത്തന്‍തുറയിലെ മുത്തപ്പന്‍ (30), പെരിയവിളയില്‍ ജാന്‍എഡിസണ്‍ (31), വിഴിഞ്ഞത്തെ സുരേഷ്, വെപ്‌സണ്‍, പൂന്തുറയിലെ ബേബിജോണ്‍, ഇരവിപുത്തന്‍തുറയിലെ ആല്‍ബര്‍ട്ട് തുടങ്ങി 12 പേരാണ് ആഴക്കടലില്‍ കുടുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.