Latest News

മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി വള തട്ടിയെടുത്ത യുവതി പിടിയില്‍

തിരൂരങ്ങാടി: മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർ‌ത്ഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി സ്വർണക്കടയിൽ നിന്ന് കൈയിലെ മുക്കാൽ പവന്റെ വള മുറിച്ചെടുത്ത് തെരുവിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.[www.malabarflash.com]

താനൂർ മീത്തിൽ റോഡിലെ എടക്കാമഠത്തിൽ വീട്ടിൽ സജ്‌നയാണ് ( 27 ) അറസ്റ്റിലായത്. മുറിച്ചെടുത്ത വള താനൂരിലെ ഒരു ജുവലറിയിൽ 16,500 രൂപയ്ക്ക് വിറ്റതായി തെളിഞ്ഞു.

ചെമ്മാട് -കൊടിഞ്ഞി റോഡിൽ ബാപ്പുട്ടി ഹാജി നഗറിലെ പൂങ്ങാടൻ നൗഷാദ് -ആരിഫ ദമ്പതികളുടെ ഏഴ് വയസുകാരി മകളെയാണ് യുവതി തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ച മദ്രസയിലേക്ക് പോവും വഴി പർദ്ദ ഇട്ട ഒരു സ്ത്രീ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിരുന്നു.

ഉമ്മ ബാങ്കിൽ നിൽക്കുന്നുണ്ടെന്നും കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞുവിട്ടതാണെന്നും വിശ്വസിപ്പിച്ചാണ് കുട്ടിയെ ബൈക്കിൽ കയറ്റിയത്. പോകുംവഴി പന്തീരാങ്കാവിൽ വച്ച് സ്വർണക്കടയിൽ കയറി കുട്ടിയുടെ വള മുറിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിലെ കടയിൽ നിന്നും വള മുറിച്ചെടുത്ത ശേഷം കുട്ടിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

വഴിയാത്രക്കാരനാണ് കുട്ടിയെ കണ്ടെത്തി വിവരങ്ങൾ ആരാഞ്ഞ് പോലീസ് സ്റ്റേഷനിലേൽപ്പിച്ചത്. കുട്ടിയെ കൊണ്ടുപോവുന്നത് ചെമ്മാട് -കൊടിഞ്ഞി റോഡിലെ കടകളിലെ സി.സി ടിവികളിൽ തെളിഞ്ഞിരുന്നു. ഇതും മൊബൈൽ ഫോൺ രേഖകളും പിന്തുടർന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് യുവതിയുടെ മൊബൈൽ നമ്പർ പരിശോധിച്ചതിൽ നിന്നും അവർ ഏറ്റവും കൂടുതൽ വിളിച്ചത് പരപ്പനങ്ങാടിയിലെ കാമുകനെയാണെന്ന് മനസ്സിലാക്കി. കാമുകൻ വഴി സജ്നയെ താനൂർ റെയിൽവേ സ്റ്റേഷനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ വിവാഹം കഴിച്ചിട്ടുളള സജ്നയ്ക്ക് ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഇപ്പോൾ ഭർത്താവിനൊപ്പമല്ല താമസം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.