Latest News

ജനക്കൂട്ടം നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി

തൃശൂർ: ജനക്കൂട്ടം നോക്കിനില്‍ക്കെ തൃശൂരിൽ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. തൃശൂർ ചെങ്ങാലൂർ സ്വദേശി ജീതു (29) ആണു കൊല്ലപ്പെട്ടത്. ‌സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ് മോനടി വിരാജ് ഒളിവില്‍ പോയി.[www.malabarflash.com]

ഞായറാഴ്ച കുടുംബശ്രീ യോഗത്തിനിടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവാഴ്ച്ച പുലർച്ചയോടെ മരണത്തിനു കീഴടങ്ങി.

വിരാജിനും ജീതുവിനുമിടയിൽ ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം.

വായ്പത്തുക കുടിശിക വരുത്തിയതിനെ തുടർന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരാരും അക്രമം തടയാൻ ഇടപെട്ടില്ല.

ഇവരുടെ സാന്നിധ്യത്തിൽ ജീതുവും വിരാജും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിട്ടും തടയാനോ രക്ഷിക്കാനോ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ആരും സഹായിച്ചില്ല. പൊള്ളലേറ്റ ജീതുവിനെ സ്വന്തം അച്ഛനെത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണ‌മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.