Latest News

മധ്യവയസ്​കയെ പീഡിപ്പിച്ചയാളെ വിട്ടയച്ച പോലീസ്​ ജനരോഷം ഉയർന്നപ്പോൾ അറസ്​റ്റ്​ ചെയ്​തു

കൊടുങ്ങല്ലൂർ: മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്​കയെ പീഡിപ്പിച്ച്​ വന്നയാളെ മകൻ പിടികൂടി തങ്ങളെ ഏൽപ്പിച്ചപ്പോൾ വിട്ടയച്ച പോലീസ് ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അയാളെ അറസ്​റ്റ്​ ചെയ്​ത്​ മുഖം രക്ഷിച്ചു.[www.malabarflash.com] 

എസ്​.എൻ.പുരം പതിയാശ്ശേരി തരുപീടികയിൽ അബ്​ദുൽ ജബ്ബാർ (60) ആണ്​ അറസ്​റ്റിലായത്​. വീട്ടിൽ അതിക്രമിച്ച്​ കയറി ലൈംഗികാക്രമണം നടത്തിയതിനാണ്​ കേസ്​​. സ്​ത്രീയുടെ മൊഴിയെടുത്ത ശേഷം പീഡനം സംബന്ധമായ കേസ്​ പരിഗണിക്കുകയുള്ളൂവെന്ന്​ മതിലകം എസ്‌ഐ മൊഹിത്ത്​ പറഞ്ഞു.

ഒരു പത്രത്തിന്റെ വിതരണക്കാരനായ പ്രതി വെമ്പല്ലൂർ സർവീസ്​ സഹകരണ ബാങ്ക്​ പത്തായക്കാട്​ ബ്രാഞ്ചിൽ രാ​ത്രി കാവൽക്കാരനുമാണ്​. മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്​ക മൂന്ന്​ മക്കളുടെ മാതാവാണ്​. ഭർത്താവ്​ ഉപേക്ഷിച്ചതിന്​ ശേഷമാണ്​ ഇവർക്ക്​ മാനസിക പ്രശ്​നങ്ങൾ കൂടിയത്​. മക്കളിൽ മൂത്തയാൾക്കും മാനസികാസ്വാസ്ഥ്യമുണ്ട്​. ഇൗ മകനൊപ്പമാണ്​ സ്​ത്രീ താമസിക്കുന്നത്​. ഇത്​ മുതലാക്കിയാണ്​ പ്രതി ഇവരെ പീഡിപ്പിച്ച്​ വന്നതത്രെ.

ശല്യം സഹിക്കാതായപ്പോൾ പരിസരത്ത്​ താമസിക്കുന്ന രണ്ടാമത്തെ മക​​ന്റെ ഭാര്യയോട്​ സ്​ത്രീ വിവരം പറഞ്ഞു. അയാൾ മാതാവ്​​ താമസിക്കുന്ന വീട്ടിൽ കാവലിരുന്ന്​ ഞായറാഴ്​​ച പുലർച്ചെ നാല്​ മണിയോടെ വീട്ടിൽ കയറിയ പ്രതിയെ പുതപ്പുകൊണ്ട്​ മുഖം അടച്ച്​ മൂടി ബലപ്രയോഗത്തിലൂടെ പിടികൂടി വരാന്തയിലെ തൂണിൽ കെട്ടി. തുടർന്ന്​ പരിസരവാസികളെ വിളിച്ചുവരുത്തി.

വന്നവർ പോലീസിന്​ വിവരം നൽകി. ബലപ്രയോഗത്തിൽ ഇരുവർക്കും ചെറിയ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പോലീസ്​ അബ്​ദുൽ ജബ്ബാറിനെ കസ്​റ്റഡിയിലെടുത്ത്​ കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയിൽ ദേഹപരിശോധന നടത്തി മതിലകം സ്​റ്റേഷനിലേക്ക്​ കൊണ്ടു​േപായി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പ്രതിയുടെ പരിക്ക്​ ചൂണ്ടിക്കാട്ടി രണ്ടാളും ജയിലിൽ പോകുമെന്ന്​ ഭീഷണിപ്പെടുത്തിയപ്പോൾ ഭയന്ന മധ്യവയസ്​കയുടെ മകൻ പരാതിയിൽ നിന്ന്​ പിൻമാറി. 

ഇൗ അവസരം നോക്കി അബ്​ദുൽ ജബ്ബാറിനെയും സ്​റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ വിട്ടയച്ചു. പ്രതിയെ വിട്ട പോലീസിന്റെ നടപടി വ്യാപക പ്രതിഷേധം ഉയർത്തി. 

മധ്യവയസ്​കക്കും കുടുംബത്തിനും​ നീതി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്​ വന്നു. ഇതോടെ, കാര്യം ബോധ്യപ്പെട്ട ​എസ്​.ഐ ഉച്ചക്ക്​ ശേഷം മകനെ വിളിച്ച്​ വരുത്തി മൊഴി രേഖപ്പെടുത്തുകയും പതിയാശ്ശേരിയിലെത്തി പ്രതിയെ പിടികൂടുകയും ചെയ്​തു. 

ധാരണപ്പിശകാണ്​ ഇത്തരമൊരു അവസ്ഥയുണ്ടാക്കിയതെന്നും പ്രതിയെ തിങ്കളാഴ്​​ച കോടതിയിൽ ഹാജരാക്കുമെന്നും എസ്​.ഐ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.