Latest News

വിവാഹ ദിവസം വരൻ പോലീസ് കസ്റ്റഡിയിൽ; ചടങ്ങില്ലാതെ വധു വരന്റെ വീട്ടിൽ പ്രവേശിച്ചു

മാഹി: വിവാഹ ദിവസം വരനെ രാഷ്ട്രീയ കൊലപാതകക്കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിവാഹച്ചടങ്ങ് മുടങ്ങി. യുവാവിനെ പോലീസ് വിട്ടയക്കാതിരുന്നതോടെ വരനും ചടങ്ങുമില്ലാതെ വധു ബന്ധുക്കളോടൊപ്പം വരന്റെ വീട്ടിൽ പ്രവേശിച്ചു.[www.malabarflash.com]

പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ പള്ളൂർ പോലീസ് സ്റ്റേഷനു മുൻപിൽ സംഘടിച്ചതു സംഘർഷത്തിനിടയാക്കി.

പാനൂർ ചെണ്ടയാട്ടെ പുതിയവീട്ടിൽ കെ.സുരേഷിന്റെയും ആർ.വി.ജമിത കുമാരിയുടെയും മകൻ ജെറിൻ സുരേഷും പിണറായി പടന്നക്കര താഴെപുരയിൽ ടി.പി.രാമന്റെയും കെ.രാജിയുടെയും മകൾ ടി.പി.റംഷയും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങ് ഞായറാഴ്ചയാണു നിശ്ചയിച്ചിരുന്നത്. 

പള്ളൂർ നടവയൽ റോഡിൽ വരന്റെ വലിയച്ഛന്റെ വീട്ടിലാണു വിവാഹച്ചടങ്ങ് ക്രമീകരിച്ചിരുന്നത്. സമീപത്തെ മറ്റൊരു ബന്ധുവീട്ടിൽ സുഹൃത്തുക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന വരൻ ജെറിനെയും 11 സുഹൃത്തുക്കളെയും ഞായറാഴ്ച പുലർച്ചെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ബന്ധുക്കൾ സംഭവമറിഞ്ഞ് പള്ളൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പിടികൂടിയതെന്ന് അറിയുന്നത്. മൊബൈൽ ടവറിനു കീഴിലെ ഫോൺ വിളികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നായിരുന്നു ബന്ധുക്കൾക്കു ലഭിച്ച വിവരം. 

വിവാഹച്ചടങ്ങിന്റെ കാര്യം ബോധ്യപ്പെടുത്താനായി വിവാഹ ക്ഷണക്കത്ത് ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നായിരുന്നു പോലീസ് നിലപാട്.

വധുവിന്റെ അച്ഛനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വരനും ചടങ്ങും ഇല്ലെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വരന്റെ ഗൃഹത്തിൽ പ്രവേശിക്കാമെന്ന തീരുമാനമെടുത്തത്. തുടർന്ന് വധു ബന്ധുക്കൾക്കൊപ്പം വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്ന പള്ളൂരിലെ വീട്ടിലെത്തി. സൽക്കാരച്ചടങ്ങും നടത്തി. 400 പേർക്കാണു സദ്യയൊരുക്കിയിരുന്നത്. ജെറിൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

വരനെ കസ്റ്റഡിയിലെടുത്തതു ചോദിക്കാനെത്തിയ ബിജെപി നേതാക്കളെ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു നിർത്തിയതും സംഘർഷത്തിനിടയാക്കി. ‌ഏറെനേരത്തെ വാക്കേറ്റത്തിനു ശേഷമാണ് നേതാക്കളെ സ്റ്റേഷനിൽ കടത്തിയത്. സംഘർഷത്തെത്തുടർന്ന് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചതുമൂലം ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.