Latest News

മുൻകൂർ ജാമ്യം നേടിയ പ്രതിയെ അർദ്ധരാത്രി വീട്ടിൽ കയറി പിടിച്ച എസ്.ഐയ്‌ക്ക് സസ്പെൻഷൻ

കൊല്ലം: അടിപിടി കേസിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതിയെ പോലീസ് സംഘം അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയതായി പരാതി. സംഭവത്തിൽ കരുണാഗപ്പള്ളി എസ്.ഐ മുനാഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.[www.malabarflash.com] 

എ.ഡി.ജി.പി അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി എ.സി.പി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ഒ​റ്റത്തെങ്ങിൽ വീട്ടിൽ മത്സ്യബന്ധന തൊഴിലാളി ശകുന്തനെ (39) ആണ് കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെ പോലീസുകാർ കൊണ്ടു പോയത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കൊല്ലം സെഷൻസ് കോടതിയുടെ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്‌ക്കാതെയാണ് തന്നെ കൊണ്ടുപോയി മൂന്നര മണിക്കൂറിലേറെ സ്​റ്റേഷനിൽ നിറുത്തിയതെന്ന് കാണിച്ച് ശകുന്തൻ സി​റ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. 

വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെയും സ്ത്രീകളുടെയും ഇടയിലൂടെയാണ് പോലീസ് കടന്നുകയറിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കരുനാഗപ്പള്ളി സ്​റ്റേഷനിൽ നിന്ന് പോലീസുകാർ ശകുന്തന്റെ വീട്ടിലെത്തിയിരുന്നു. ശകുന്തൻ ഇല്ലാതിരുന്നതിനാൽ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ ഉത്തരവ് പോലീസിനെ കാണിച്ചിരുന്നതായി ഭാര്യ ശാലിനി പറഞ്ഞു. കോടതിയിൽ ഹാജരാകണം എന്നു പറഞ്ഞ് പോലീസ് തിരിച്ചുപോയി. 

എന്നാൽ അർദ്ധരാത്രിയോടെ തിരിച്ചെത്തിയ പൊലീസ് സംഘം വീട്ടിലേക്ക് ഇരച്ച് കയറി ശകുന്തനെ പിടികൂടുകയായിരുന്നു. ഇയാളുടെ മകൻ ഓട്ടിസം ബാധിച്ച ശ്യാമിന്റെ നിലവിളി പോലും പോലീസിന്റെ മനസ് അലിയിച്ചില്ല. 

സംഭവമറിഞ്ഞ് ബന്ധുക്കൾ സ്​റ്റേഷനിൽ എത്തിയെങ്കിലും ജാമ്യത്തിൽ വിടാൻ തയ്യാറായില്ല. പുലർച്ചെ മൂന്നരയോടെ സ്​റ്റേഷനിലെത്തിയ ചവറ എ.എസ്‌.പി യുടെ നിർദ്ദേശപ്രകാരമാണ് ശകുന്തനെ വിട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.