Latest News

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലംതൊടില്ല: പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലംതൊടാതെ ദയനീയമായി പരാജയപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.[www.malabarflash.com] 

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരും ജനദ്രോഹ ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ ജനരോക്ഷം ശക്തമാണെന്നും ഇത് പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്‌നേഹമാണ് മതം, സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനം ചെര്‍ക്കള മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യയില്‍ മതേതര ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഇതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന് അന്ത്യം കുറിക്കും. 

കേരളത്തില്‍ എല്ലാ ജില്ലകളിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തനം വളരെ ശക്തമായ രീതിയില്‍ മുന്നോട്ടു പോവുകയാണ്. തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. യു.ഡി.എഫും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നത്. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒട്ടേറെ നല്ല കാര്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇതിനുളള മറുപടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പ്രസിഡണ്ട് സി.ടി റിയാസ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള, വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, സെക്രട്ടറി മൂസാബി ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.