Latest News

ബൊക്കെയുടെ റോളില്‍ ചക്കയെത്തിയപ്പോള്‍

ഷാര്‍ജ: കേരളത്തിന്റെ ഔദ്യോഗിക ഫലമെന്ന പദവി കിട്ടിയതോടെ ചക്കക്ക് ഗള്‍ഫി ലും രാജയോഗം. നാളുകളായി നഷ്ടപ്പെട്ട അംഗീകാരവും ആദരവും തിരിച്ചുപിടിച്ച ചക്ക, മഹത്വത്തിന്റെ അശ്വമേധവുമായി ഇതാ കടല്‍ കടന്നുമെത്തിയിരിക്കുന്നു.[www.malabarflash.com]

യു എ ഇയിലെ പ്രവാസി സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നടന്ന അനുമോദന വേളയില്‍ അപ്രതീക്ഷിതമായി ചക്ക കടന്നു വരികയായിരുന്നു. 

നിയുക്ത പ്രസിഡന്റ് ഇ പി ജോണ്‍സണ് അനുമോദനവുമായി എത്തിയ പ്രവാസ ലോകത്തെ സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകന്‍ സല്‍ജിന്‍ കളപ്പുരയാണ് പതിനഞ്ച് കിലോ ഭാരമുള്ള തേന്‍ വരിക്ക ചക്ക അനുമോദനമായി ഒരു ബൊക്കെ പോലെ കൈമാറിയത്. മലയാള നാടിന്റെ മണ്ണിന്റെ മണവും നാവില്‍ കൊതിയൂറുന്ന മാധുര്യവും ഒരു നിമിഷം പ്രവാസികളെ ഗൃഹാതുരരാക്കി.

നാട്ടില്‍ നിന്നും രാവിലെ എത്തിയ സുഹൃത്തിന്റെ സഹായത്തിലാണ് പതിനഞ്ച് കിലോ ഭാരമുള്ള ലഗേജായി വിമാനമേറി ചക്ക കടല്‍ കടന്നുവന്നത്.

നാലോ അഞ്ചോ ചുളകള്‍ ഉള്ള ഒരു തുണ്ടം ചക്കയ്ക്ക് യു എ ഇയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തീ വിലയാണ്. ചക്കയുടെ വില അറിയാവുന്ന പ്രവാസ ലോകത്തിന് അതിന്റെ കാര്‍ഷിക സംസ്‌കാരിക മൂല്യം ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ബൊക്കെക്ക് പകരം ചക്ക തിരഞ്ഞെടുത്തതിന് പിന്നില്‍ ഉണ്ടായ ചേതോവികാരമെന്ന് സല്‍ജിന്‍ പറയുന്നു.

ഏതായാലും, ചക്കയെ കടല്‍ കടത്തി എത്തിച്ച സല്‍ജിന്റെ പ്രവര്‍ത്തിയെ പ്രവാസ സമൂഹം നിറ കൈയ്യടികളോടെയാണ് അംഗീകരിച്ചത്. സല്‍ജിന്റെ ചക്ക മഹാത്മ്യ കഥ ഇതിനിടെ നവ മാധ്യമങ്ങളും ഏറ്റെടുത്തു നിലക്കാത്ത അഭിനന്ദന പ്രവാഹങ്ങളേകിയ ആ ഹ്ലാദത്തിലാണ് ഈ യുവാവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.