മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.[www.malabarflash.com]
കൊലപാതകം നടന്ന് 92 -ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ കോടതിയിൽ സമർപ്പിച്ചത്. 8000 ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയിൽ കുറ്റപത്രത്തിനൊപ്പം നൽകി.
കഴിഞ്ഞ ഫെബ്രവരി 12 ന് രാത്രി 10.45 ന് എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വച്ചാണ് ശുഹൈബ് വെട്ടേറ്റു മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവർത്തകരെ മട്ടന്നൂർ സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. കൊലപാതകത്തിനുള്ള കാരണവും പ്രതികൾക്കുള്ള പങ്കുകളും ഉൾപ്പെടെ വിവരിച്ചാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.
No comments:
Post a Comment