Latest News

അറ്റ്‌ലസ്‌ രാമചന്ദ്രൻ ജയിൽ മോചിതനായി

ദുബൈ: സാമ്പത്തിക കുറ്റകൃത്യത്തിനു ​ദുബൈ ജയിലിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാ​നുമായ എം.എം. രാമചന്ദ്രൻ(7​7) മോചിതനായി.[www.malabarflash.com] 

എന്നാൽ, മോചനത്തിനു വഴി തെളിച്ച ഒത്തുതീർപ്പു വ്യവസ്ഥകളെന്തൊക്കെയാണെന്നോ അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളെ കാണാനും തയാറായിട്ടില്ല.

2015 നവംബർ 12നായിരുന്നു ദുബൈ കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു.​

ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തത്.

അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ദുബൈയിലുണ്ടായിരുന്നത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കായിരുന്നു എന്ന് പറയുന്നു. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബൈയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്‌പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്നമായതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർ​ന്നു ബാങ്കുകൾ രാമചന്ദ്രനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന്, 15 ബാങ്കുകളുടെയും അധികൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പോലീ സിൽ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേർന്നു പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.