Latest News

ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച് ഡിക്ലറേഷന്‍; അതോറിറ്റിയെ നിശ്ചയിക്കുന്ന ചട്ടം മൂന്ന് മാസത്തിനകം രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച് ഡിക്ലറേഷന്‍ സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള അതോറിറ്റിയെ നിശ്ചയിക്കുന്ന ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.[www.malabarflash.com]

1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പുമായി ബന്ധപ്പെട്ട നടപടികളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്. ഇക്കാര്യം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തി കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.
ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത് മൂന്നു വര്‍ഷം മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച അബൂ താലിബ് എന്ന തദേവൂസിന്റെ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. 

നിയമത്തില്‍ ചട്ടരൂപീകരണത്തെക്കുറിച്ച് പറയുമ്പോള്‍ സര്‍ക്കാര്‍ അത് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്‌ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണ് ജീവിച്ചുവരുന്നതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇസ്‌ലാംമതത്തിലാണ് ഉള്ളതെന്നു തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ല. മുസ്‌ലിം വ്യക്തിനിയമം പിന്തുടര്‍ന്ന് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിന്റെ വകുപ്പ് മൂന്നില്‍ പറയുന്നതുപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ ഇതിന് പരിഹാരം കാണാനാവൂ.
സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം നിലവില്‍ കൊണ്ടുവരുന്ന അധികൃതര്‍ക്കു മുമ്പാകെ വേണം ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടാന്‍. എന്നാല്‍, ഇത്തരമൊരു സംവിധാനം നടപ്പാക്കാനുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല.
അതിനാല്‍, ഡിക്ലറേഷന്‍ നടത്തേണ്ട അധികാരി നിലവിലില്ലാത്ത അവസ്ഥയാണ്. 

ഇപ്പോള്‍ പൊന്നാനിയിലും കോഴിക്കോട്ടുമുള്ള രണ്ടു സ്ഥാപനങ്ങളാണ് മതംമാറ്റം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍, മുസ്‌ലിം വ്യക്തിനിയമപ്രകാരം ഉള്‍പ്പെടെ നിയമപരമായി സാധുതയില്ലാത്ത രേഖകളാണിവ.
ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ തനിക്കു സ്വാതന്ത്ര്യമുണ്ട്. അത് നിയമപരമാക്കി ആചാരങ്ങള്‍ അനുഷ്ഠിക്കാനും ആഗ്രഹിക്കുന്നു. അതിനാല്‍ ആരുടെ മുമ്പാകെയാണ് ഇതുസംബന്ധിച്ച് ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടേണ്ടത് എന്ന് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.