Latest News

യോഗിതയെ കൊണ്ടുപോയ ജംഷീര്‍ പെണ്ണ് !: ജംഷീറ ആണ്‍വേഷം കെട്ടി നാട്ടുകാരെയും കബളിപ്പിച്ചു, ഇരുവരെയും പോലീസ് പിടികൂടിയത് ആന്ധ്രയില്‍ നിന്ന്, കോടതിയില്‍ നിന്നും മാതാക്കള്‍ക്കൊപ്പം മടങ്ങി

കാഞ്ഞങ്ങാട്: 25 ദിവസം മുമ്പ് 12 പവനും അഞ്ചുലക്ഷം രൂപയുമായി മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ 'ഒളിച്ചോടിയത്' പെണ്ണിനോടൊപ്പം.[www.malabarflash.com]

കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫിനാന്‍സ് ഉടമ ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ യോഗിത (34)യോടൊപ്പം കാണാതായ 'കാമുകന്‍' ജംഷീര്‍ പെണ്ണാണെന്ന് തിരിച്ചറിഞ്ഞത് വൈദ്യപരിശോധനയിലൂടെ. 

യോഗിതയുടെ ഭര്‍ത്താവ് സന്തോഷിന്റെ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം യോഗിതയെയും ജംഷീറിനെയും ആന്ധ്രയിലെ ചിറ്റൂര്‍ വെങ്കിടിഗിരി കോട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. 

ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവര്‍ ആന്ധ്രയില്‍ വാടക വീടെടുത്ത് താമസിച്ചിരുന്നത്. വെളളിയാഴ്ച കസ്റ്റഡിയിലെടുത്ത യോഗിതയെയും ജംഷീറിനെയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ജംഷീറിന് സ്‌ത്രൈണ സ്വഭാവമാണെന്ന് അറിയാമായിരുന്നുവെങ്കിലും സ്ത്രീ തന്നെയാണെന്ന് തിരിച്ചറിഞ്ഞത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്. വനിതാ പോലീസിന്റെ സഹായത്തോടെ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് 21നാണ് യോഗിത 10 വയസുള്ള മകളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അമ്മയുടെയും സഹോദരന്റെയും കൂടെ നിര്‍ത്തിയ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയത്. ബിപി പരിശോധിക്കാനാണെന്നും പറഞ്ഞ് ഇറങ്ങിയ യോഗിത പിന്നീട് തിരിച്ചെത്തിയില്ല.

ജംഷീറയും യോഗിതയും സുഹൃത്തുക്കളാണെന്നാണ് പോലീസിന് മൊഴി നല്‍കിയത്. ജംഷീറ പതിവായി യോഗിതയുടെ ക്വാര്‍ട്ടേഴ്‌സില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ടായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ജംഷീറക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നതും മുറി വൃത്തിയാക്കി വെക്കുന്നതും യോഗിത തന്നെയായിരുന്നു. ഇതിനിടയിലാണ് കുടുംബജീവിതം മടുത്തെന്നും ജീവിതം അവസാനിപ്പിക്കുന്നുവെന്നും യോഗിത ജംഷീറയോടു പറഞ്ഞത്.

തുടര്‍ന്നാണ് ആത്മഹത്യ ചെയ്യരുതെന്നും നമുക്ക് ദൂരെയെവിടെയും പോയി ഒരുമിച്ച് താമസിക്കാമെന്നും പറഞ്ഞാണ് ജംഷീറയും യോഗിതയും ആന്ധ്രയിലേക്ക് പോയത്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എടുത്ത അഞ്ചുലക്ഷം രൂപയും ഇതിനകം ഇരുവരും ചെലവഴിച്ചുകഴിഞ്ഞിരുന്നു. സ്വര്‍ണം പണയം വെച്ച് 75000 രൂപയും ഇവര്‍ എടുത്തിരുന്നു.

യോഗിതയേയും ജംഷീറിനെയും കാണാതായതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങളാണ് നാട്ടില്‍ പടര്‍ന്നിരുന്നത്. എന്നാല്‍ ഇവരെ കണ്ടെത്തുകയും ജംഷീറ പെണ്ണാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി.

ഹൊസ്ദുര്‍ഗ് എസ്‌ഐ വിഷ്ണുപ്രസാദ് കോടതിയില്‍ ഹാജരാക്കിയ യോഗിത മാതാവിനോടൊപ്പം പോകുന്നതായി കോടതിയെ അറിയിച്ചു. തുടര്‍ന്ന് യോഗിത മാതാവിനോടൊപ്പം പോയി. ജംഷീറയാകട്ടെ കോടതിയില്‍ കാത്തുനിന്ന മാതാവിനോടൊപ്പവും മടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.