Latest News

മാങ്ങാട് വയലില്‍ ആഘോഷമായി മഴപ്പൊലിമ; നാട്ടിപ്പാട്ടിന്റെ താളത്തില്‍ ഞാറ് നട്ടു

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, കുടുംബശ്രീ സി ഡി എസ്, മാങ്ങാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാങ്ങാട് വയലില്‍ നടന്ന മഴപ്പൊലിമ നാടിന്റെ ഉത്സവമായി.[www.malabarflash.com] 

കാര്‍ മേഘം നിറഞ്ഞ അന്തരീക്ഷത്തില്‍ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പഴയ കാല കര്‍ഷക തൊഴിലാളികളും ഒത്തുകൂടി.കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുവാന്‍ നൂറ് കണക്കിന് സ്ത്രീകളും പുരുഷന്മാരും വിദ്യാര്‍ത്ഥികളും വയല്‍ ചെളിയിലിറങ്ങി നാട്ടി നട്ടു. 

ഇവരെ പ്രോത്സാഹിപ്പിക്കാന്‍ ജനപ്രതിനിധികളുമിറങ്ങി. ഞാറ് നടുന്നതോടൊപ്പം നാട്ടിപ്പാട്ട്, ഞാറ് നടീല്‍ ,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കമ്പവലി, ചാക്ക് റൈസ്, സ്പൂണ്‍ റൈസ്, നൂറ് മീറ്റര്‍ ഓട്ടം, കുട്ടികളുടെ ഫുട്‌ബോള്‍ എന്നീ മത്സരങ്ങളും നടന്നു.
ഉദുമയിലെ ദീല്‍ ദയാല്‍ ഉപാദ്ധ്യായ കോളജ് വിദ്യാര്‍ത്ഥികളും മഴപ്പൊലിമയില്‍ പങ്കെടുത്തു.  കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക, മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ചേറാണ്...... ചോറ് എന്ന പേരില്‍ മഴപ്പൊലിമ സംഘടിപ്പിച്ചത്.
മാങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ജനങ്ങള്‍ ജാഥയായി വന്നാണ് പാടത്തിറങ്ങിയത്. മഴപ്പൊലിമ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബീബി അഷറഫ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മഴപ്പൊലിമ വിശദീകരിച്ചു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. പ്രഭാകരന്‍, കെ. സന്തോ സ് കുമാര്‍, സൈനബ അബൂബക്കര്‍ , മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാം വാതുക്കല്‍, കമലാക്ഷി, വത്സല ശ്രീധരന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ എം.സി സത് മ, മാങ്ങാട് പാടശേഖര സമിതി പ്രസിഡണ്ട് പി.എ. ഹസൈനാര്‍, പഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ് ചെയര്‍പേഴ്‌സന്‍ എം. പുഷ്പലത പ്രസംഗിച്ചു. പഴയ കാല കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.