Latest News

പൊന്നാനിയില്‍ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപോയി

മലപ്പുറം: ദിവസങ്ങളായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് മലപ്പുറത്തെ തീരപ്രദേശങ്ങളിലും പൊന്നാനി തീരങ്ങളിലും ശക്തമായ കടല്‍ക്ഷോഭം.[www.malabarflash.com]

രാവിലെയുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും തീരത്ത് കയറ്റി ഇട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോകുകയും കടലിലെ പാറക്കെട്ടില്‍ ഇടിച്ച് തകരുകയും ചെയ്തു. ഇതിന് പുറമെ, കടലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളും ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്.

ഏകദേശം 30 ഓളം മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയതായാണ് പ്രാഥമിക വിവരം. ഇതില്‍ ചിലത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബോട്ടുകളിലുണ്ടായിരുന്ന വലകള്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന സാമഗ്രികളും, ബോട്ടിന്റെ യന്ത്രങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് കോടികളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത കാറ്റിലും മഴയിലും തിരത്ത് കിടന്നിരുന്ന ചില ബോട്ടുകള്‍ ഒഴുകിപ്പോ‌യിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് യാതൊരു നഷ്ടപരിഹാരവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നാണ് സൂചന.

കനത്ത മഴയെയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് തീരദേശത്ത് താമസിച്ചിരുന്നവരെ കഴിഞ്ഞയാഴ്ച മാറ്റി പാര്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.