Latest News

കൊലക്കേസ് പ്രതിയുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

തലശ്ശേരി: ഒന്നര വര്‍ഷത്തോളം പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിക്ക് കോടതിയില്‍ ഹാജരായ ഉടനെ മജിസ്‌ട്രേട്ട് അനുവദിച്ച ജാമ്യം ജില്ലാ ജഡ്ജ് റദ്ദാക്കി.[www.malabarflash.com]

തളിപറമ്പ് ബക്കളം വായാട്ടെ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം വി അബ്ദുല്‍ ലത്തിഫിന്റെ ജാമ്യമാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് ടി ഇന്ദിര റദ്ദാക്കിയത്. 

പോലീസിന്റെ അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് നടപടി. ലത്തീഫിനോട് ഉടന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാവാനും ജില്ലാ കോടതി നോട്ടീസയച്ചു. 

ഇക്കഴിഞ്ഞ 5ന് വ്യാഴാഴ്ചയാണ് ലത്തീഫും കൊല്ലപ്പെട്ട ഖാദറിന്റെ ഭാര്യ ഷെരീഫയും ഒളികേന്ദ്രത്തില്‍ നിന്നും പുറത്ത് വന്ന് നാടകീയമായി പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അന്ന് തന്നെ ജാമ്യവും ലഭിച്ചു.
ഖാദര്‍ കൊലക്കേസിന് പുറമെ കാപ്പ, മണല്‍ കൊള്ള തടയാന്‍ ശ്രമിച്ച ജില്ലാ പോലീസ് ചീഫ് ശിവവിക്രമിനെയും പരിയാരം എസ് ഐ രാജനെയും വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ 39 കേസുകളില്‍ പ്രതിയാണ് ലത്തീഫെന്നും ഇയാള്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പോലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലിസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. 

2017 ജനുവരി 26ന് പുലര്‍ച്ചെയാണ് ഖാദര്‍ കൊല്ലപ്പെട്ടത്. ഖാദര്‍ വധത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ലത്തീഫ് ചെന്നൈ വഴി ഖത്തറിലേക്ക് രക്ഷപ്പെട്ടുവെന്നായിരുന്നു രഹസ്യാന്വേഷണ സൂചനകള്‍. നിരവധി കേസുകളില്‍പ്പെട്ടത് കാരണം പാസ്‌പോര്‍ട്ട് ലഭിക്കാതിരുന്ന ലത്തീഫ് വിദേശത്തേക്ക് കടന്നുവെന്നത് പോലീസിനെ അമ്പരപ്പിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.