കാസര്‍കോട്: ഒരു പുരുഷായുസ് മുഴുവന്‍ നാടിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മരണത്തെ വികലമാക്കാനും വക്രീകരിക്കാനും നവമാധ്യമങ്ങളിലൂടെ ശ്രമം നടത്തിയവര്‍ക്കെതിരെ മുസ്‌ലിം ലീഗ് അനുകൂല നവമാധ്യമ കൂട്ടായ്മയായ ഗ്രീന്‍ ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങി.[www.malabarflash.com]
ചെര്‍ക്കളം അബ്ദുല്ലയുടെ മരണം മറച്ചുവെച്ചു എന്ന തലകെട്ടില്‍ നവമാധ്യമങ്ങളില്‍ തീര്‍ത്തും അപമാനകരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. മൂന്ന് ദീവസം മുമ്പേ മരണത്തിന് കീഴടങ്ങിയ ചെര്‍ക്കളം അബ്ദുല്ലയുടെ മരണം മറച്ചുവെച്ചത് ലീഗ് നേതാക്കളുടെ സന്ദര്‍ശന സൗകര്യത്തിന് വേണ്ടിയെന്നായിരുന്നു ചിലരുടെ ആക്ഷേപം. ആശുപത്രിയില്‍ നിന്ന് മരണപ്പെട്ട ശേഷം രേഖകളില്‍ റീസണ്‍ ഡെത്ത് എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും മരണം സംഭവിച്ച ശേഷമാണ് നാട്ടിലെത്തിച്ചതെന്നും ചിലര്‍ വ്യാപകമായി കള്ളപ്രചരണം നടത്തുകയും ചെയ്തു.
പാര്‍ട്ടി നേതാക്കളായ എം പിമാര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് എത്താന്‍ വേണ്ടി മരണം ബോധപൂര്‍വ്വം മറച്ചുവെച്ചുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. ലീഗ് അഖിലേന്ത്യ പ്രസിഡണ്ട് ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചുവെന്ന് വിലപിച്ചവര്‍ അഹമ്മദിനോട് കാണിച്ച നന്ദികേട് ചെര്‍ക്കളത്തോട് കാണിച്ചുവെന്നും ഗ്രീന്‍സ്റ്റാര്‍ വോയിസ് ചെര്‍ക്കള എന്ന വ്യാജപേരില്‍ പുറത്തിറങ്ങിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ സകല പ്രതീക്ഷകളും കൈവിടുകയും ആരോഗ്യം തീര്‍ത്തും മോശമാവുകയും ചെയ്തതോടെ ഭാര്യയുടെയും മക്കളുടെയും അരികില്‍ കിടന്ന് അന്ത്യശ്വാസം വലിക്കണമെന്ന അദ്ദേഹത്തിന്റെ മോഹം സഫലമാക്കാന്‍ വ്യാഴാഴ്ച രാത്രിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചെര്‍ക്കളയിലെ വസതിയിലെത്തിച്ച അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഈ മരണത്തെ വക്രീകരിച്ച് ചെര്‍ക്കളം അബ്ദുല്ലയെ മരണപ്പെട്ടതിന് ശേഷം പോലും അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ അതിശക്തമായ നിയമനടപടികളും സ്വീകരിക്കാന്‍ ഗ്രീന്‍ബറ്റാലിയന്‍ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment