Latest News

കാണാതായ ദിവസം ജസ്‌നയും ആണ്‍സുഹൃത്തും ഒന്നിച്ച്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

പത്തനംതിട്ട: ജസ്‌ന ജെയിംസിനെ കാണാതായ ദിവസം ജസ്‌നയും ആണ്‍സുഹൃത്തും ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു.[www.malabarflash.com]

മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ക്യാമറാ ദൃശ്യങ്ങളിലാണ് ജസ്‌നയുള്ളത്. കാണാതായ അന്ന് 11.44ന് കടയുടെ മുന്നിലൂടെ പോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളിലുള്ളത്.
ആറു മിനിറ്റുകള്‍ക്ക് ശേഷം ഇവിടെ ആണ്‍സുഹൃത്തും എത്തുന്നുണ്ട്. എന്നാല്‍ രണ്ടുപേരും ഒന്നിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളില്ല.

അതേസമയം,വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു ജസ്‌നയെ കാണാതായിട്ട് 100 ദിവസങ്ങള്‍ പിന്നിടുമ്പോഴും എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനാവുന്ന ഒരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

കേസില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ജസ്‌നയ്ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
അതേസമയം, ജസ്‌നയുടെ ആണ്‍സുഹൃത്തിനെയും അച്ഛനെയും 15ലേറെ തവണ ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്ന് പോലിസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ആണ്‍സുഹൃത്തിനെ സംശയമുണ്ടെന്ന് ജസ്‌നയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പോലിസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ജസ്‌നയുടെ വീട്ടുകാര്‍ ഉള്‍െപ്പടെ പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പോലിസിനെ കുഴക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.