Latest News

നാത്തൂന്മാരുടെ തിരോധാനം;കാമുകന്മാരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു

പയ്യന്നൂര്‍: പഴയങ്ങാടിയില്‍ നിന്നും യുവാക്കള്‍ക്കൊപ്പം മുങ്ങിയ നാത്തൂന്മാരെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കാമുകന്മാരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.[www.malabarflash.com]

ഒരുമാസം മുമ്പ് കാണാതായ കുഞ്ഞിമംഗലത്തെ ബുഷറ (26), ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24) ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബ്, മുള്ളേരിയ സ്വദേശി ഷംസീര്‍ എന്നിവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘം ഷംസീറിന്റെയും ശിഹാബിന്റെയും കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കാടങ്കോട്, കാസര്‍കോട് എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ഇവരെ കണ്ടെത്താനായി പ്രത്യേക സംഘം ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്. ശാസ്ത്രീയ മാര്‍ഗം പോലും അന്വേഷണത്തിനായി സ്വീകരിച്ചെങ്കിലും ഇവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇവരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലെ സുഹൃത്തുക്കളുമായും ഇവര്‍ ബന്ധപ്പെടുന്നുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ശിഹാബിന് മാത്രം 1400 ഫേസ്ബുക്ക് സുഹൃത്തുക്കളാണുള്ളത്. ഇവരില്‍ നിന്നും അന്വേഷണത്തിന് തുമ്പ് ലഭിക്കുന്ന എന്തെങ്കിലും സൂചന കണ്ടെത്തുക ഏറെ പ്രയാസമാണ്.

മേല്‍പ്പറമ്പ് ദേളിയില്‍ വിവാഹം കഴിച്ച ഷംസീറിന് ഇരട്ടകളായ രണ്ട് കുട്ടികളാണുള്ളത്. നാട്ടില്‍ നിന്ന് മുങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് ഭാര്യ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി മുപ്പതിനായിരം രൂപ ഷംസീറിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഇവ പിന്‍വലിച്ചിട്ടുമുണ്ട്. മുങ്ങിയ നാലുപേരുടെ കൈയ്യിലും അധിക സമ്പാദ്യമൊന്നുമില്ലാത്തതിനാല്‍ ഗള്‍ഫിലേക്ക് കടന്നതായുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

പടന്നക്കാട്ടെ ഒരു യുവതിയെ അഞ്ചുമാസം മുമ്പ് വിവാഹം കഴിച്ച ശിഹാബ് ഗള്‍ഫ് കേന്ദ്രീകരിച്ച് ഹവാല ഇടപാട് നടത്തുന്ന അടുത്ത ബന്ധു നാട്ടില്‍ വിതരണം ചെയ്യാനായി അയച്ചുകൊടുത്ത ലക്ഷങ്ങളുടെ ഹവാല പണവുമായാണ് മുങ്ങിയത്.

അന്വേഷണ സംഘം ഇതിനകം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, എന്നിവിടങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു.

ഇവര്‍ നാലുപേരും കേരളം വിട്ടിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. അതേ സമയം ഇവരുടെ തിരോധാനത്തില്‍ ഏറെ ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.